തിരുവനന്തപുരം: വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിലയന്‍സ് ഗ്രൂപ്പ് അനില്‍ അംബാനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടപടി. ഏകദേശം 3084 കോടി രൂപ (30.84 ബില്യണ്‍ രൂപ) വിലമതിക്കുന്ന സ്വത്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്.
റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 40 ഇടങ്ങളിലെ വസ്തുവകകളാണ് കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അംബാനി കുടുംബത്തിന്റെ ബാന്ദ്ര (പടിഞ്ഞാറ്) പാലി ഹില്ലിലെ വസതി, ന്യൂഡല്‍ഹിയിലെ റിലയന്‍സ് സെന്റര്‍, കൂടാതെ ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ (കാഞ്ചീപുരം ഉള്‍പ്പെടെ), കിഴക്കന്‍ ഗോദാവരി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മറ്റ് നിരവധി സ്വത്തുക്കളും ഉള്‍പ്പെടുന്നു.

ഏകദേശം 20 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബാങ്ക് ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജന്‍സിയുടെ ഈ നിര്‍ണായക നടപടി. ഈ പണം ഷെല്‍ കമ്പനികളിലേക്കും ഗ്രൂപ്പിന്റെ സ്വന്തം കമ്പനികളിലേക്കും വഴിതിരിച്ചുവിട്ട് ദുരുപയോഗം ചെയ്തു എന്നാണ് പ്രധാന ആരോപണം. ജൂലൈ മാസം മുതല്‍ അംബാനിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഗ്രൂപ്പ് കമ്പനികളുടെയും മുംബൈയിലെ വീട് ഉള്‍പ്പെടെ നിരവധി തവണ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
