മൺട്രിയോൾ : മുൻ ഫെഡറൽ ലിബറൽ മന്ത്രി സൊരായ മാർട്ടിനെസ് ഫെറാഡയെ നഗരത്തിലെ പുതിയ മേയറായി തിരഞ്ഞെടുത്തു. പ്രൊജക്റ്റ് മൺട്രിയോളിന്‍റെ ലൂക്ക് റബൂയിൻ, ട്രാൻസിഷൻ മൺട്രിയോളിന്‍റെ ക്രെയ്ഗ് സൗവെ തുടങ്ങിയവരെ പരാജയപ്പെടുത്തിയാണ് മാർട്ടിനെസ് ഫെറാഡ ചരിത്രവിജയം കുറിച്ചത്. എൻസെംബിൾ മൺട്രിയോളിന്‍റെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട് ഏകദേശം ഏഴ് മാസങ്ങൾക്ക് ശേഷമാണ് മൺട്രിയോൾ മേയർ പദവിയിലേക്കുള്ള സോറയയുടെ ചുടുവെപ്പ്. അതേസമയം മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ റബൂയിൻ, പ്രൊജക്റ്റ് മൺട്രിയോളിന്‍റെ ലീഡർ സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ചു.

പ്രധാന എതിരാളി ലൂക്ക് റബൂയിനിനെക്കാൾ ഏകദേശം 17,000 വോട്ടിന്‍റെ ലീഡ് നേടിയ സോറയ മാർട്ടിനെസ് ഫെറാഡയ്ക്ക് 44 ശതമാനം വോട്ടുകൾ ലഭിച്ചു. മൺട്രിയോൾ മുനിസിപ്പൽ കൗൺസിലിലെ 65 സീറ്റുകളിൽ 41 എണ്ണത്തിലും എൻസെംബിൾ മൺട്രിയോൾ വിജയിച്ചു. അതിൽ സിറ്റി മേയറും 18 ബറോ മേയർമാരും 46 സിറ്റി കൗൺസിലർമാരും ഉൾപ്പെടുന്നു. പ്രൊജക്റ്റ് മൺട്രിയോൾ വെറും 19 സീറ്റുകളിൽ മാത്രമായി ഒതുങ്ങി.
