ഹാലിഫാക്സ് : ന്യൂനമർദ്ദത്തെ തുടർന്ന് മാരിടൈംസിന്‍റെ ചില ഭാഗങ്ങളിൽ ഈ ആഴ്ച കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. മോശം കാലാവസ്ഥ കാരണം ചൊവ്വാഴ്ചയും ബുധനാഴ്ചയുമുള്ള ചില ഫെറി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
നോവസ്കോഷ
കിഴക്കൻ നോവസ്കോഷയിലുടനീളം കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മുതൽ ബുധനാഴ്ച വരെ പ്രദേശത്ത് 30 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ന്യൂനമർദ്ദം ന്യൂഫിൻലൻഡിലേക്ക് നീങ്ങുന്നതിനുമുമ്പ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ക്വീൻസ്, കിങ്‌സ് കൗണ്ടികളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകും. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച രാവിലെ വരെ ദ്വീപിൽ 30 മില്ലിമീറ്റർ വരെ മഴയും മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും വീശും. ശക്തമായ തിരമാലയ്ക്ക് ഒപ്പം സമുദ്രജലനിരപ്പ് ഉയരുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
ന്യൂബ്രൺസ്വിക്
ന്യൂബ്രൺസ്വിക്കിൽ നിലവിൽ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നുമില്ല.

ഫെറി സർവീസ് റദ്ദാക്കി
കാലാവസ്ഥാ വ്യതിയാനം കാരണം ചൊവ്വാഴ്ചയും ബുധനാഴ്ചയും മറൈൻ അറ്റ്ലാൻ്റിക്, നോവസ്കോഷ നോർത്ത് സിഡ്‌നി, ന്യൂബ്രൺസ്വിക്കിലെ പോർട്ട് ഓക്സ് ബാസ്‌ക്, എന്നിവയ്‌ക്കിടയിലുള്ള നിരവധി ഫെറി സർവീസുകൾ റദ്ദാക്കി.
