വൈറ്റ് ഹോഴ്സ് : യൂകോൺ ടെറിട്ടോറിയൽ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചു. പ്രാദേശിക സമയം രാത്രി എട്ടുമണിക്ക് വോട്ടെടുപ്പ് അവസാനിച്ചതോടെ ഫലം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു. ലിബറൽ, എൻഡിപി, യൂകോൺ പാർട്ടി എന്നീ മൂന്ന് പ്രധാന പാർട്ടികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ ജൂണിൽ പാർട്ടി ലീഡറായി തിരഞ്ഞെടുക്കപ്പെട്ട ലിബറൽ പ്രീമിയർ മൈക്ക് പെംബർട്ടനെ സംബന്ധിച്ചിടത്തോളം, ഈ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ വെല്ലുവിളിയാണ്. പ്രധാന എതിരാളികളായ യൂകോൺ പാർട്ടിയും എൻഡിപിയും മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ ലിബറലുകൾക്ക് 18 സ്ഥാനാർത്ഥികൾ മാത്രമാണുള്ളത്.

ടെറിട്ടോറിയൽ തിരഞ്ഞെടുപ്പിനൊപ്പം ഇത്തവണ നിലവിലുള്ള തിരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കാൻ നോൺ-ബൈൻഡിങ് പ്ലെബിസൈറ്റിലും (Non-binding plebiscite) വോട്ടർമാർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അതിർത്തികൾ പുനർനിർണ്ണയിച്ച ശേഷം 21 മണ്ഡലങ്ങളുള്ള ആദ്യത്തെ ടെറിട്ടോറിയൽ തിരഞ്ഞെടുപ്പാണിത്. നിലവിലെ ‘ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ്’ (First-past-the-post) തിരഞ്ഞെടുപ്പ് സമ്പ്രദായം മാറ്റി റാങ്ക്ഡ് ബാലറ്റ് (Ranked ballots) സമ്പ്രദായം സ്വീകരിക്കണമോ എന്ന കാര്യത്തിലും വോട്ടർമാർ അഭിപ്രായം രേഖപ്പെടുത്തി.
