ഓട്ടവ : രാജ്യത്തേക്ക് കൂടുതൽ സാങ്കേതിക വിദഗ്ദ്ധരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് കാനഡ. ഇതിന്‍റെ ഭാഗമായി യു.എസിലെ H-1B സ്പെഷ്യാലിറ്റി ഓക്കുപ്പേഷൻസ് വീസ ഉടമകൾക്കായി പുതിയ ‘ആക്സിലറേറ്റഡ് പിആർ പാത്ത്‌വേ’ (Accelerated PR Pathway) അവതരിപ്പിക്കുമെന്ന് 2025 ലെ ബജറ്റിൽ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും, ആരോഗ്യ സംരക്ഷണം, ഗവേഷണം, നൂതന വ്യവസായങ്ങൾ, മറ്റ് പ്രധാന മേഖലകൾ എന്നിവയിലെ മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനുമാണ് ഈ നടപടി. യുണൈറ്റഡ് സ്റ്റേറ്റ്സ് H-1B ഫീസ് വർധന ബാധിച്ചവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്സിലറേറ്റഡ് പിആർ പാത്ത്‌വേക്ക് രൂപം നൽകിയിരിക്കുന്നത്. ഈ നടപടികളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിലവിൽ സാധുവായ H-1B സ്പെഷ്യാലിറ്റി ഓക്കുപ്പേഷൻസ് വീസ ഉള്ളവർക്കായിരിക്കും ഈ പദ്ധതിക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടായിരിക്കുക. ഐ ടി, ഡാറ്റാ സയൻസ്, എഞ്ചിനീയറിങ് തുടങ്ങിയ ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് H-1B വീസക്കാരിൽ ഭൂരിഭാഗവും. ഇവരെയായിരിക്കും കാനഡ പ്രധാനമായും തിരഞ്ഞെടുക്കുക എന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു ആക്സിലറേറ്റഡ് പാത്ത്‌വേ ആയതുകൊണ്ട്, നിലവിലുള്ള സാധാരണ ഇമിഗ്രേഷൻ രീതികളേക്കാൾ വേഗത്തിൽ പ്രോസസ്സ് ചെയ്യാൻ സാധ്യതയുണ്ട്. മുൻപ് 2023-ൽ H-1B വീസ ഉടമകൾക്കായി പ്രഖ്യാപിച്ച താത്കാലിക വർക്ക് പെർമിറ്റ് പദ്ധതി 24 മണിക്കൂറിനുള്ളിൽ അപേക്ഷകൾ പ്രോസസ്സ് ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്.

H-1B വീസയുള്ളവർക്കായി പ്രത്യേക ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) നറുക്കെടുപ്പുകൾ നടത്തുകയോ അല്ലെങ്കിൽ ഒരു പുതിയ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ നിലവിലുള്ള എക്സ്പ്രസ് എൻട്രി സംവിധാനത്തിൽ ഉൾപ്പെടുത്തിക്കൊണ്ട്, H-1B വീസ ഉടമകൾക്ക് അധിക പോയിൻ്റുകൾ നൽകി വേഗത്തിൽ ഐ.ടി.എ. നൽകാനും സാധ്യതയുണ്ട്.
