ഓട്ടവ : അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി കൂടുതൽ സ്ഥിര താമസക്കാരെ പ്രവേശിപ്പിക്കാൻ കാനഡ പദ്ധതിയിടുന്നു. ചൊവ്വാഴ്ച അവതരിപ്പിച്ച 2025 ലെ ഫെഡറൽ ബജറ്റിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2026-2028 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ പ്രകാരം 2026 ൽ, PNP വഴി 91,500 സ്ഥിര താമസക്കാരെ പ്രവേശിപ്പിക്കും. ഇത് മുൻ ലക്ഷ്യമായ 55,000 ൽ നിന്ന് 66% കൂടുതലാണ്. കൂടാതെ ഇന്‍റർനാഷണൽ മൊബിലിറ്റി പ്രോഗ്രാം (IMP) വഴിയുള്ള വർക്ക് പെർമിറ്റുകൾക്കായുള്ള 2026 ലെ ആസൂത്രിത പ്രവേശനം 170,000 ആയി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പദ്ധതിയിലെ 128,700 എന്ന ലക്ഷ്യത്തിൽ നിന്ന് 32% കൂടുതലാണിത്.

അതേസമയം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കാനഡയിലേക്കുള്ള സ്ഥിര, താൽക്കാലിക താമസക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. 2026 ലെ താൽക്കാലിക താമസ പ്രവേശന ലക്ഷ്യം 2025 ലെ 673,650 ൽ നിന്ന് 43% കുറച്ചുകൊണ്ട് 385,000 ആക്കും. 2026-ലെ വിദേശ വിദ്യാർത്ഥി പ്രവേശന ലക്ഷ്യം 155,000 ആയിരിക്കും. 2025 ലെ 305,900 ൽ നിന്ന് 49% കുറവ്. താത്കാലിക വിദേശ തൊഴിലാളികളുടെ പ്രവേശന ലക്ഷ്യം 230,000 ആയിരിക്കും – 2025 ലെ ലക്ഷ്യമായ 367,750 ൽ നിന്ന് 37% കുറവ്.
