Wednesday, March 18, 2026

പണപ്പെരുപ്പം, താരിഫ്: കാനഡയിൽ ശൈത്യകാല ടയറുകൾക്ക് വില കൂടും

ഓട്ടവ : വാഹനഉടമകൾ ശ്രദ്ധിക്കുക, ഈ ശൈത്യകാലത്ത് പുതിയ ടയറുകൾ വാങ്ങണമെങ്കിൽ, കൂടുതൽ പണം നൽകേണ്ടിവരും. പണപ്പെരുപ്പം, യുഎസ് താരിഫുകൾ എന്നിവ കാരണം ഈ സീസണിൽ പുതിയ ശൈത്യകാല ടയറുകൾക്ക് വില കൂടുമെന്ന് ടയർ നിർമ്മാണ കമ്പനികൾ പറയുന്നു. പല ടയറുകളും കാനഡയിലാണ് നിർമ്മിക്കുന്നതെങ്കിലും, അവ നിർമ്മിക്കുന്ന കമ്പനികൾ കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുന്നുണ്ടെന്നും ടയർ ആൻഡ് റബ്ബർ അസോസിയേഷൻ ഓഫ് കാനഡ (TRAC) അറിയിച്ചു. ഈ വർഷം ടയർ വിലയിൽ ഏകദേശം അഞ്ച് ശതമാനം വരെ വില വർധിക്കുമെന്നും അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. എന്നാൽ, ടയർ വില വർധിക്കുമ്പോളും ശൈത്യകാല ടയറുകൾ വാങ്ങുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും TRAC സിഇഒയും പ്രസിഡൻ്റുമായ കരോൾ ഹോച്ചു പറഞ്ഞു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ താരിഫുകളുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ചെലവ് കാരണം ഈ വർഷം യുഎസ്, കനേഡിയൻ ഉപയോക്താക്കൾക്കുള്ള ടയറുകളുടെ വില ഉയരുമെന്ന് ടയർ കമ്പനിയായ ഗുഡ്ഇയർ മുന്നറിയിപ്പ് നൽകിയിരുന്നു.

കനേഡിയൻ ഡ്രൈവർമാരിൽ 80% പേരും ഇപ്പോൾ ശൈത്യകാല ടയറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കരോൾ ഹോച്ചു പറഞ്ഞു. എന്നാൽ ഒൻ്റാരിയോയിൽ ആ സംഖ്യ 77 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ശൈത്യകാല ടയറുകൾ അപകടത്തിൽ നിന്നും വാഹനം നിയന്ത്രണം നഷ്ടപ്പെടുന്നതിൽ നിന്നും തങ്ങളെ രക്ഷിക്കുന്നുണ്ടെങ്കിലും വർധിച്ചു വരുന്ന സാമ്പത്തിക ബാധ്യത കാരണം ശൈത്യകാല ടയറുകൾ വാങ്ങുന്നത് പലരും ഒഴിവാക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ടയറുകൾക്ക് പ്രചാരം വർധിച്ചുവരുന്നുണ്ടെന്നും കരോൾ ഹോച്ചു പറയുന്നു. അതേസമയം ശൈത്യകാല ടയറുകൾ വാങ്ങാൻ മഞ്ഞുവീഴുന്നത് വരെ കാത്തിരിക്കരുതെന്നും ടയർ കടകളിൽ നീണ്ട നിര പ്രതീക്ഷിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!