ഹാലിഫാക്സ് : മാരിടൈംസിൽ മാസങ്ങൾ നീണ്ടുനിന്ന വരൾച്ചയ്ക്ക് അറുതിയാകുന്നു. ന്യൂനമർദ്ദത്തെ തുടർന്ന് മാരിടൈംസിൽ കനത്ത മഴയും കൊടുങ്കാറ്റും പ്രവചിച്ച് എൻവയൺമെൻ്റ് കാനഡ. ചൊവ്വാഴ്ച നോവസ്കോഷയിലും തെക്കൻ ന്യൂബ്രൺസ്വിക്കിലും പ്രിൻസ് എഡ്വേഡ് ഐലൻഡിലും 10 മുതൽ 20 മില്ലിമീറ്റർ വരെ മഴ പെയ്തിരുന്നു.

ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെയാണ് അടുത്ത മഴക്കാലം. നോവസ്കോഷയിൽ 15 മുതൽ 30 മില്ലിമീറ്റർ വരെ വ്യാപകമായ മഴയും കാറ്റും പ്രതീക്ഷിക്കാം. ന്യൂബ്രൺസ്വിക്കിലെയും പ്രിൻസ് എഡ്വേഡ് ഐലൻഡിലെയും തീരപ്രദേശങ്ങളിൽ 10 മുതൽ 20 മില്ലിമീറ്റർ വരെ മഴ പെയ്യാം, കാലാവസ്ഥാ ഏജൻസി അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെയോടെ നോവസ്കോഷയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്ത് മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പ്രിൻസ് എഡ്വേഡ് ഐലൻഡിന്‍റെ വടക്കൻ തീരപ്രദേശത്തും നോവസ്കോഷയുടെ വടക്കൻ തീരപ്രദേശത്തും കെയ്പ് ബ്രെറ്റണിലെ ഉയർന്ന പ്രദേശങ്ങളിലും മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ശക്തമായ കാറ്റിനെ തുടർന്ന് ഫെറി സർവീസുകൾ റദ്ദാക്കിയേക്കും.
