വൻകൂവർ : മെട്രോ വൻകൂവറിന്‍റെ ചില ഭാഗങ്ങളിൽ ഇന്നും നാളെയും കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ബുധനാഴ്ച രാവിലെ മുതൽ നോർത്ത് ഷോർ, ട്രൈ-സിറ്റീസ്, ഹോവ് സൗണ്ട് എന്നിവിടങ്ങളിൽ 40 മുതൽ 70 മില്ലിമീറ്റർ വരെ മഴ പെയ്യും. കനത്ത മഴയെ തുടർന്ന് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. കൂടാതെ ദൃശ്യപരത പെട്ടെന്ന് കുറയും, ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. അതേസമയം, വൻകൂവർ ദ്വീപിലെ തീരപ്രദേശങ്ങളിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ശക്തമായ കാറ്റും വൻ തിരമാലയും പ്രതീക്ഷിക്കുന്നു.

ന്യൂനമർദ്ദത്തെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ സൗത്ത് കോസ്റ്റിൽ ഇന്ന് രാത്രി വരെ കനത്ത മഴ പ്രതീക്ഷിക്കുന്നു. തുടർന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീണ്ടും മഴ ആരംഭിക്കുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. വെള്ളിയാഴ്ച രാവിലെയോടെ 30 മുതൽ 40 മില്ലിമീറ്റർ വരെ അധിക മഴയ്ക്ക് സാധ്യതയുണ്ടെന്നും ഏജൻസി പ്രവചിക്കുന്നു. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച വൈകുന്നേരവുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
