സാസ്കറ്റൂൺ : നഗരത്തിൽ മഞ്ഞ് വീഴാൻ ഒരുങ്ങുന്നു. ശൈത്യകാല ടയറുകൾ ഒരുക്കുക, സാസ്കറ്റൂൺ നിവാസികൾക്ക് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ മുതൽ സാസ്കറ്റൂണിൽ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. നവംബർ 8 ശനിയാഴ്ച അവസാനത്തോടെ 12 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ഫെഡറൽ കാലാവസ്ഥാ ഏജൻസി പറയുന്നു. ശനിയാഴ്ചയോടെ താപനില മൈനസ് 14 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ശൈത്യകാല കാലാവസ്ഥയെ നേരിടാൻ ജീവനക്കാരും ഉപകരണങ്ങളും പൂർണ്ണമായും സജ്ജമാണെന്ന് സാസ്കറ്റൂൺ സിറ്റി അറിയിച്ചു. പൂജ്യത്തിന് താഴെയുള്ള താപനിലയും മഴയും മഞ്ഞും കൂടിച്ചേരുമ്പോൾ ഡ്രൈവിങ് ദുഷ്കരമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സർക്കിൾ ഡ്രൈവിൽ നിന്നും നഗരത്തിലെ ഫ്രീവേകളിൽ നിന്നും ആരംഭിച്ച്, ഉയർന്ന ഗതാഗതക്കുരുക്കുള്ള തെരുവുകൾ നിരീക്ഷിക്കുകയും ആവശ്യാനുസരണം ഡി-ഐസിങ് മെറ്റീരിയൽ ഉപയോഗിക്കുകയും ചെയ്യും. മഞ്ഞുവീഴ്ചയെ നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായതായി സാസ്കറ്റൂൺ ട്രാൻസിറ്റും അറിയിച്ചിട്ടുണ്ട്. സർവീസ് തുടരുമെങ്കിലും കാലതാമസമോ തടസ്സങ്ങളോ ഉണ്ടാകാമെന്ന് സിറ്റി അധികൃതർ വ്യക്തമാക്കി.
