ഓട്ടവ : അടുത്ത നാല് വർഷത്തിനുള്ളിൽ 28,000 പൊതുമേഖലാ ജോലികൾ കൂടി വെട്ടിക്കുറയ്ക്കാനുള്ള ഫെഡറൽ ഗവൺമെൻ്റിന്‍റെ നീക്കത്തിൽ പ്രതിഷേധവുമായി ഫെഡറൽ യൂണിയനുകൾ. കാനഡ സ്‌ട്രോങ് ബജറ്റ് 2025 പ്രകാരം 2028-29 ഓടെ 3,30,000 ആയി കുറയ്ക്കാനാണ് ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ ചെലവിൽ 6,000 കോടി ഡോളർ ലാഭിക്കാനുള്ള സമഗ്ര പരിപാടിയുടെ ഭാഗമാണ് തൊഴിൽ വെട്ടിക്കുറയ്ക്കൽ.

എന്നാൽ, തൊഴിൽ വെട്ടിക്കുറയ്ക്കൽ പൊതുസേവനങ്ങളെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു. ഫെഡറൽ ഗവൺമെൻ്റിന്‍റെ തൊഴിൽ വെട്ടിക്കുറയ്ക്കൽ ജനങ്ങളുടെ ദൈനംദിന ജീവിതം കൂടുതൽ ദുഷ്കരമാക്കുമെന്ന് പബ്ലിക് സർവീസ് യൂണിയനുകൾ മുന്നറിയിപ്പ് നൽകുന്നു. ഓട്ടവ മേയർ മാർക്ക് സട്ട്ക്ലിഫും ജോലി വെട്ടിക്കുറയ്ക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. വെട്ടിക്കുറയ്ക്കൽ എങ്ങനെ നടക്കും, ഏതൊക്കെ വകുപ്പുകളെ ബാധിക്കും, ജീവനക്കാരെ പിന്തുണയ്ക്കാൻ എന്ത് പദ്ധതികളാണ് ഉള്ളത് തുടങ്ങിയ വിശദാംശങ്ങൾ സർക്കാർ എത്രയും വേഗം പുറത്തുവിടണം, അല്ലാത്തപക്ഷം ഈ നടപടി അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും മേയർ പറയുന്നു.
