ഓട്ടവ : നിർണായക വിശ്വാസ വോട്ടെടുപ്പുകളെ നേരിടാൻ ഒരുങ്ങുകയാണ് മാർക്ക് കാർണി സർക്കാർ. ഇന്ന് വൈകുന്നേരം ഫെഡറൽ ബജറ്റിന്മേലുള്ള കൺസർവേറ്റീവ് ഉപഭേദഗതിയിൽ വോട്ടെടുപ്പ് നടക്കുമെങ്കിൽ നാളെ ബ്ലോക്ക് കെബെക്ക്വയുടെ ഭേദഗതി വോട്ടെടുപ്പ് നടക്കും. ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ബ്ലോക്ക് കെബെക്ക്വയും ലിബറൽ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ ന്യൂനപക്ഷ ലിബറലുകൾക്ക് രണ്ട് വോട്ടുകൾ കൂടി ആവശ്യമാണ്. ചൊവ്വാഴ്ച നോവസ്കോഷ എംപി ക്രിസ് ഡി എൻട്രെമോണ്ട് കൺസർവേറ്റീവ് കോക്കസിൽ നിന്ന് രാജിവച്ച് ലിബറൽ പാർട്ടിയിൽ ചേർന്നതോടെ ഹൗസ് ഓഫ് കോമൺസിൽ പാർട്ടി സീറ്റുകളുടെ എണ്ണം 170 ആയി ഉയർന്നിരുന്നു.

അതേസമയം ബജറ്റിൽ ചെലവും നികുതി മുൻഗണനകളും ചേർക്കാൻ ശ്രമിക്കുന്ന കൺസർവേറ്റീവ് നടപടിയെ പരാജയപ്പെടുത്താൻ ന്യൂനപക്ഷ ലിബറൽ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് എൻഡിപി ഇടക്കാല ലീഡർ ഡോൺ ഡേവീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, ബ്ലോക്ക് കെബെക്ക്വയുടെ പ്രമേയം പാർട്ടി പരിശോധിക്കുകയാണെന്നും പാർട്ടി അതിനെതിരെ വോട്ടു ചെയ്യുമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
