വൻകൂവർ : ചൈനയിൽ നിന്നുള്ള ഗ്രൂപ്പ് ടൂറുകൾക്ക് കാനഡയിലേക്ക് വീണ്ടും പ്രവേശനം അനുവദിച്ചതോടെ പ്രതീക്ഷയോടെ ട്രാവൽ ഏജൻ്റുമാർ. വലിയ തുക ചെലവഴിക്കുന്ന ചൈനീസ് വിനോദസഞ്ചാരികൾ തിരിച്ചെത്തുന്നത് ടൂറിസം മേഖലയ്ക്ക് ഉണർവ്വേകുമെന്ന് ബ്രിട്ടിഷ് കൊളംബിയയിലെ ട്രാവൽ ഏജൻ്റുമാർ പറയുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് അഞ്ച് വർഷത്തോളമായി തടസ്സപ്പെട്ടിരിക്കുകയായിരുന്ന വിനോദസഞ്ചാര മേഖലയാണ് കാനഡ ചൈനയ്ക്ക് മുന്നിൽ തുറന്നിരിക്കുന്നത്.

കോവിഡിന് മുൻപ് പ്രാദേശിക ടൂറിസം വ്യവസായത്തിൽ ആധിപത്യം പുലർത്തിയിരുന്ന ചൈനീസ് ഗ്രൂപ്പുകൾ ഒരു ദിവസം 1,300 ഡോളറിലധികം ചെലവഴിച്ചിരുന്നതായാണ് കണക്കുകൾ. ഈ തീരുമാനം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് വൻകൂവർ ആസ്ഥാനമായുള്ള ട്രാവൽ ഏജൻ്റുമാർ വ്യക്തമാക്കി. 2019 നെ അപേക്ഷിച്ച് ചൈനീസ് സഞ്ചാരികളുടെ എണ്ണം കുറവാണെങ്കിലും, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധന ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. വീസ നടപടിക്രമങ്ങളിലെ കാലതാമസം ഇപ്പോഴും ചില ചൈനീസ് സഞ്ചാരികൾക്ക് തടസ്സമായി നിലനിൽക്കുന്നുണ്ടെങ്കിലും, ഗ്രൂപ്പ് ടൂറുകൾ പുനരാരംഭിച്ചത് മേഖലയ്ക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്.

അതേസമയം, കാനഡയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഈ നീക്കത്തെ വിശേഷിപ്പിച്ചു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം.
