തിരുവനന്തപുരം: സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും നൽകാവുന്ന പരമാവധി വായ്പ ഉയർത്തി. ഒരു കോടി രൂപ വരെ ഇനി വായപ നൽകാം. നേരത്തെ ഇത് 75 ലക്ഷം രൂപയായിരുന്നു. സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്ന രീതിയിലാണ് ഈ മാറ്റങ്ങൾ വരുന്നത്. ഇതടക്കം വിവിധ വായ്പകളുടെ പരിധിയും ഉയർത്തിയതോടെ ഒരുപാട് പേർക്ക് പ്രയോജനപ്പെടും. അതേ സമയം വായ്പ നൽകുന്ന ജാമ്യ വസ്തുവിന്റെ മൂല്യനിർണയം കൃത്യമായി നടത്തണമെന്നും സഹകരണ റജിസ്ട്രാർ നിർദേശം നൽകി.

ഓരോ വിഭാഗത്തിലും നൽകാവുന്ന പരമാവധി വായ്പാ തുകയും കൂട്ടിയിട്ടുണ്ട്. സ്വയം തൊഴിൽ (15), വ്യവസായം (50), സ്വർണപ്പണയം ( 50), വിദ്യാഭ്യാസം (30),
വിവാഹം (10), വീട് നിർമാണം (50), ചികിത്സ, മരണാനന്തര കാര്യങ്ങൾ (2),
വിദേശ ജോലി (10), വാഹനം വാങ്ങൽ ( 30 ), ഹെവി വാഹനങ്ങൾ( 50 ), മുറ്റത്തെ മുല്ല ലഘുവായ്പ (25 ), വീടിന് ഭൂമി വാങ്ങൽ( 10). 100 കോടി രൂപയ്ക്കു മുകളിൽ ബാങ്കുകൾക്കും സംഘത്തിനും നിക്ഷേപമുണ്ടെങ്കിൽ ഒരു കോടി രൂപ വരെ വായ്പ നൽകാം. 100 കോടി വരെയെങ്കിൽ പരിധി 75 ലക്ഷം ആയിരിക്കും. പ്രാഥമിക കാർഷിക സംഘങ്ങൾ, ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കുകൾ എന്നിവയ്ക്ക് അംഗങ്ങളുടെ പരസ്പര ജാമ്യത്തിൽ 50,000 രൂപ വരെയും വസ്തുവോ ശമ്പള സർട്ടിഫിക്കറ്റോ ജാമ്യമായി കാർഷികേതര വായ്പകൾ 10 ലക്ഷം രൂപ വരെയും നൽകാം.
