വാഷിങ്ടണ്‍: സമാധാന പുരസ്‌കാരം ഏര്‍പ്പെടുത്തി ഫിഫ. അടുത്ത മാസം വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടക്കുന്ന 2026 ലോകകപ്പ് ഫൈനല്‍ ഡ്രോ ചടങ്ങില്‍ വെച്ച് പ്രഥമ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ അറിയിച്ചു.
മയാമിയില്‍ നടന്ന അമേരിക്ക ബിസിനസ് ഫോറത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം വേദി പങ്കിടുന്നതിനിടെയാണ് ഫിഫ പ്രസിഡന്റ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അടുത്തിടെ ട്രംപിന് നൊബേല്‍ സമാധാന പുരസ്‌കാരം ലഭിക്കാതെ പോയ സാഹചര്യത്തിലാണ് ഈ പുതിയ പുരസ്‌കാര പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ അടുത്ത സുഹൃത്താണ് ഇന്‍ഫന്റിനോ.

ഫിഫ സമാധാന പുരസ്‌കാരം എന്ന് പേരിട്ടിരിക്കുന്ന ഈ അവാര്‍ഡ് സമാധാനത്തിനായുള്ള അസാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതാണെന്ന് ഭരണസമിതി ബുധനാഴ്ച പറഞ്ഞു. ‘അസ്ഥിരമായ, വിഭജനങ്ങള്‍ ധാരാളമുള്ള ഈ ലോകത്ത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമാധാനത്തിനായി പ്രയത്‌നിക്കുകയും ചെയ്യുന്ന ആളുകളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കേണ്ടത് അത്യാവശ്യമാണ്,’ ഗിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.
ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് വേണ്ടി എല്ലാ വര്‍ഷവും ഈ അവാര്‍ഡ് നല്‍കുമെന്നും ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോളിന്റെ ആഗോള സ്വാധീനം സമാധാനവും ഐക്യവും വളര്‍ത്താന്‍ ഉപയോഗിക്കുക എന്ന ഫിഫയുടെ നിലപാടിന്റെ ഭാഗമായാണ് ഈ പുരസ്‌കാരം.
