ന്യൂഡൽഹി: ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ മാപ്‌സിൽ പത്ത് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ. ജെമിനൈ എഐ സംയോജനത്തിലൂടെ ഡ്രൈവിങ് കൂടുതൽ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനും സഹായിക്കുന്ന സവിശേഷതകളാണ് ഇതിൽ പ്രധാനം. വാഹനം ഓടിക്കുന്നതിനിടെ ശ്രദ്ധ തെറ്റാതെ തന്നെ മാപ്പുമായി സംവദിക്കാനും, യാത്രാമധ്യേയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയാനും ഈ എഐ ഫീച്ചർ ഉപകരിക്കും. ഗൂഗിൾ മാപ്‌സിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഏറ്റവും വലിയ എഐ സംയോജനമായിരിക്കും ഇത് എന്ന് കമ്പനി അറിയിച്ചു.

കൈകൾ ഉപയോഗിക്കാതെ, വോയിസ് നിർദ്ദേശങ്ങളിലൂടെ ഗൂഗിളിന്റെ കഴിവുകൾ ഉപയോഗപ്പെടുത്താൻ ഈ പുതിയ ഫീച്ചർ സഹായിക്കും. ജെമിനി എഐയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്നതിനാൽ, ഉപയോക്താവിന്റെ സംസാരശൈലി സ്വാഭാവികമായി മനസ്സിലാക്കാൻ ഗൂഗിൾ മാപ്‌സിന് സാധിക്കും. ഉപയോക്താക്കൾ അനുമതി നൽകുകയാണെങ്കിൽ, ജിമെയിലുമായും കലണ്ടറുമായും ഈ വോയിസ് അസിസ്റ്റന്റിന് ബന്ധപ്പെടാൻ കഴിയും. അതുവഴി, ലൊക്കേഷനുമായി ബന്ധപ്പെട്ട റിമൈൻഡറുകൾ, കലണ്ടർ ഇവന്റുകൾ എന്നിവ എളുപ്പത്തിൽ സജ്ജമാക്കാൻ സാധിക്കും. ഈ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാകും.
