ഓട്ടവ : പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട് 15 ജീവനക്കാരെ പിരിച്ചുവിട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. പീഡനം, സുരക്ഷാ ലംഘനങ്ങൾ, സർക്കാർ കമ്പ്യൂട്ടറുകളുടെയും സെൽഫോണുകളുടെയും മോഷണം തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് പിരിച്ചുവിടൽ. കൂടാതെ എട്ടു ജീവനക്കാർക്കെതിരെ അന്വേഷണം നടത്തുന്നുണ്ടെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. ഇവർക്കെതിരെ കുറ്റം തെളിഞ്ഞാൽ പിരിച്ചുവിടൽ, 30 ദിവസം വരെ സസ്പെൻഷൻ തുടങ്ങിയ അച്ചടക്കനടപടികൾ സ്വീകരിക്കും.

ദുഷ്പെരുമാറ്റ ആരോപണങ്ങളിൽ 21 പീഡന പരാതികൾ ഉൾപ്പെടുന്നു. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ, മോണിറ്ററുകൾ, ഡോക്കിങ് സ്റ്റേഷനുകൾ എന്നിവ നഷ്ടപ്പെട്ടതിന്റെ പേരിൽ സർക്കാരിന് 10,222 ഡോളർ നഷ്ടമുണ്ടായതായും ഏജൻസി അറിയിച്ചു. 15 പേരെ പിരിച്ചുവിട്ടതിന് പുറമേ, ഏജൻസിയിലെ 23 പേരെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു.
