വാഷിംങ്‌ടൺ: യു.എസ് ഷട്ട്ഡൗൺ നീളുന്നതിനിടെ എയർ ട്രാഫിക് കൺട്രോളർ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പത്തുശതമാനം വിമാനസർവീസുകൾ വെട്ടിക്കുറയ്ക്കും. 40 വിമാനത്താവളങ്ങളിലാണ് സർവീസുകൾ കുറയ്‌ക്കുന്നത്. രാജ്യവ്യാപകമായി ആയിരക്കണക്കിന് വിമാന സർവീസുകളെയും യു.എസിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര വിമാന സർവീസുകളെയും ബാധിക്കുന്നതാണ് ഈ നടപടി.
13,000 എയർ ട്രാഫിക് കൺട്രോളർമാരും 50,000 ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ ഓഫീസർമാരും ഇപ്പോൾ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. ഇത് ആയിരക്കണക്കിന് വിമാനസർവീസുകളെ രൂക്ഷമായി ബാധിച്ചു. സർവീസ് റദ്ദാക്കലും വൈകലുമുൾപ്പെടെയാണിത്. ആകാശത്തും വിമാനത്താവളങ്ങളിലും സുരക്ഷ നിലനിർത്താൻ ഈ നീക്കം അനിവാര്യമാണെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. ഏതൊക്കെ വിമാനങ്ങളിലാണ് നടപടി ബാധകമാകുന്നതെന്ന പട്ടിക ഉടൻ പുറത്തുവിടുമെന്ന് യു.എസ് എഫ്.എ.എ അഡ്മിനിസ്‌ട്രേറ്റർ ബ്രയാൻ ബെഡ്‌ഫോർഡ് പറഞ്ഞു.

ഷെഡ്യൂളുകൾ കുറയ്ക്കുന്നതിന് തങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ എയർലൈനുകളോട് ആവശ്യപ്പെടുമെന്ന് ബെഡ്‌ഫോർഡ് പറഞ്ഞു. ഈ തീരുമാനം യാത്രക്കാരെ ബാധിക്കാതിരിക്കാൻ എയർലൈനുകൾ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം ഷട്ട് ഡൗൺ തുടരുകയാണെങ്കിൽ വ്യോമാതിർത്തിയുടെ ചില ഭാഗങ്ങൾ അടച്ചിടേണ്ടിവരുമെന്നും സൂചനയുണ്ട്. വ്യോമയാന സുരക്ഷാ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി, ഷട്ട്ഡൗൺ അവസാനിപ്പിക്കണമെന്ന് വിമാനക്കമ്പനികൾ നേരത്തെ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച മാത്രം രാജ്യവ്യാപകമായി 5,000-ത്തിലധികം വിമാനങ്ങൾ വൈകിയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.
