ടൊറൻ്റോ : യുഎസുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാനഡയിൽ അമേരിക്കൻ വൈൻ വിൽപ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. ഈ സ്ഥിതി കനേഡിയൻ വൈനറികൾക്ക് നേട്ടമായതായി കാലിഫോർണിയ ആസ്ഥാനമായുള്ള വൈൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. 2025 ലെ രണ്ടാം പാദത്തിൽ, കാനഡയിലെ യുഎസ് വൈൻ വിൽപ്പന 91% കുറഞ്ഞു. മദ്യവിൽപ്പന 85% കുറഞ്ഞതായും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡിസ്റ്റിൾഡ് സ്പിരിറ്റ്സ് കൗൺസിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ 2024-ൽ 6 കോടി 31 ലക്ഷം ഡോളറായിരുന്ന വിൽപ്പന ഈ വർഷം വെറും 96 ലക്ഷം ഡോളറായി താഴ്ന്നു.

യുഎസ് ഉൽപ്പന്നങ്ങളുടെ അഭാവത്തിൽ കനേഡിയൻ വൈനറികൾക്ക് വിപണി വിഹിതം വർധിപ്പിക്കാനുള്ള സുവർണാവസരമാണെന്ന് വൈൻ ഗ്രോവേഴ്സ് നോവസ്കോഷ പ്രസിഡൻ്റ് കാൾ കൊട്ടീഞ്ഞോ പറയുന്നു. വേനൽക്കാലത്ത് വൈനറിയിലേക്കുള്ള സന്ദർശകരുടെ എണ്ണം 10-15% വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈ ലോക്കൽ പ്രസ്ഥാനത്തിന്റെ ഭാഗമായി കൂടുതൽ ഉപഭോക്താക്കൾ പ്രാദേശിക വൈനറികളെയും ഉൽപ്പന്നങ്ങളെയും തേടിയെത്തുന്നുണ്ടെന്നും കാൾ കൊട്ടീഞ്ഞോ പറഞ്ഞു. അതേസമയം യുഎസിലെ പ്രധാന വൈൻ മേഖലയായ കാലിഫോർണിയയിൽ മാത്രം കാനഡയിൽ കനേഡിയൻ മേഖലയെക്കാൾ കൂടുതൽ വൈൻ ഉത്പാദിപ്പിക്കുന്ന എട്ട് വൈനറികൾ ഉണ്ട്. ഇത് വിപണിയിലെ മത്സരം ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
