കൊച്ചി: നൂറുദിവസത്തെ തീപ്പാറും ബിഗ് ബോസ് മത്സരം കഴിഞ്ഞു. വിജയകിരീടവുമായി വിജയി വീട്ടിലുമെത്തി. പക്ഷേ, വിവാദവും തർക്കവും സോഷ്യൽ മീഡിയ അടിപിടിയും ബിഗ് ബോസ് കാലത്തേക്കാൾ കൂടി എന്നല്ലാതെ കുറഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് വീഡിയോകൾ തന്നെ ഫേസ് ബുക്കിൽ ചറപറാന്ന് വരുന്നു, വന്നുകൊണ്ടിരിക്കുന്നു, ഇനി നാളെയും മറ്റന്നാളും അതിനുമപ്പുറവും വരും. വിവാദം വിറ്റാണ് ബിഗ് ബോസ് ലൈവ് ആകുന്നതെന്ന് ആളുകൾ വിമർശിക്കുമ്പോൾ പോലും അനീഷിനോട് ചെയ്തത് കൊടുംചതിയല്ലോ എന്ന ചോദ്യവും, അനുവാണ് ശരി, പി. ആർ എന്താ മോശമാണോ എന്ന മറുപടിയും ആളുകൾ കൂടുന്നിടത്ത് ഉയരുമ്പോൾ കപ്പ് ബിഗ് ബോസിനു തന്നെയല്ലേ കൊടുക്കേണ്ടത് എന്ന ചോദ്യവും ഉയരുന്നു.

ബിഗ് ബോസ് എന്ന നാലക്ഷര എൻ്റർടെയ്‌ൻ്റ്‌മെൻ്റിനെ നൂറുദിവസവും അതിൽ കൂടുതലും സോഷ്യൽ മീഡിയയിലും പൊതു ചർച്ചകളിലും ട്രെൻഡാക്കി മാറ്റി എന്നുള്ളിത്താണ് ജിയോ ഹോട്ട് സ്‌റ്റാർ ബിഗ് ബോസിൻ്റെ ബിസിനസ് സ്‌ട്രാറ്റർജി മനസിലാക്കേണ്ടത്. ബിഗ് ബോസ് കഴിയുന്നിടത്തും ഓരോ മത്സരാര്‍ത്ഥിക്കു വേണ്ടിയും ഓരോ സംഘങ്ങളും ഒറ്റയ്ക്കും ആളുകള്‍ നിന്നു പോരാടുന്നു, ഗ്രൂപ്പുകള്‍ തമ്മില്‍ നിരന്തര തര്‍ക്കമുണ്ടാകുന്നു, സോഷ്യല്‍ മീഡിയയില്‍ ഓരോ ചെറിയ സംഭവങ്ങളുള്‍പ്പെടുത്തി പോസ്റ്റുകള്‍, അത്യാവശ്യം സെലിബ്രിറ്റികളുടെ ഇതേ വിഷയത്തിലുള്ള വീഡിയോകള്‍, റീലുകള്‍, ബിഗ് ബോസ് മുന്‍നിര താരങ്ങളുടെ വീഡിയോകള്‍. ഇങ്ങനെ അരങ്ങ് കൊഴുക്കുമ്പോള്‍ സത്യത്തില്‍ അവസാന ചിരി ആരുടേതാണ്? കാത്തിരിക്കാനും കാണുവാനും പ്രേക്ഷകർ ഉള്ളിടത്ത് ഇതേ ഷോകൾ ഇനിയും ഈ വഴി വന്നു പോകും. വിമർശിച്ചാലും മലയാളികൾ ഇരുന്ന് കാണും. ആരുമറിയാതെ ഒരു വട്ടമെങ്കിലും വോട്ട് ചെയ്യും. കാരണം മാറ്റങ്ങളാണല്ലോ എല്ലാം.
തിരുവനന്തപുരത്ത് ഒരു ഉത്സവത്തിനെന്ന പോലെ തിങ്ങിനിറഞ്ഞു നിൽക്കുകയാണ് അലകടൽ പോലെ ആൾക്കൂട്ടം. എത്ര നേരമായി നമ്മൾ കാത്തിരിക്കുന്നു എന്ന അനൗൺസിനൊപ്പം അനുമോൾ എത്തിക്കഴിഞ്ഞതായുള്ള വിവരം പങ്കുവയ്ക്കുന്നു. പച്ച തിളക്കമുള്ള ഡ്രെസിൽ അതീവസുന്ദരിയായി കാറിൽ വന്നിറങ്ങുന്ന അനുമോൾ. സെക്യൂരിറ്റി ഗാർഡ്‌സ് മുന്നോട്ടുള്ള വഴി കാണിക്കുന്നു. പൂച്ചെണ്ടുമായി കുട്ടികൾ. ഇതിനിടയിൽ ഒരമ്മ വന്നു അനുമോളെ കെട്ടിപ്പിടിക്കുന്നു. അവരോട് കുശലാന്വേഷണം. സത്യത്തിൽ ഇതു തന്നെയല്ലേ, ബിഗ്‌ബോസ് എന്ന ഷോ ഉണ്ടാക്കുന്ന സ്വാധീനം. നമ്മൾ മലയാളികൾ പ്രബുദ്ധരല്ലേ, അതൊക്കെ തമിഴർ എന്നു പറയുന്നിടത്താണ് ഓരോ ബിഗ് ബോസ് താരങ്ങളും എയർപോർട്ടിൽ വന്നിറങ്ങുമ്പോഴുള്ള ആരവവും ആൾക്കൂട്ടവും എന്നു കൂടി ഓർമ്മിക്കണം. നമ്മുടെ നാട്ടിലെ അമ്മമാരായിരുന്നു അനുമോളുടെ ഏറ്റവും വലിയ ആരാധകർ. വീട്ടകങ്ങളെ ലക്ഷ്യമിട്ടാണ് അനു തൻ്റെ തന്ത്രങ്ങളെല്ലാം പയറ്റിയതും വിജയകിരീടം സ്വന്തമാക്കിയത്.

ഇനി ഫസ്റ്റ് റണ്ണറായ അനീഷിന്റെ ഏറ്റവും പുതിയ വീഡിയോ കാണാം. കൊച്ചി ഇടപ്പള്ളി മൈജി ഷോപ്പിൽ എത്തി മത്സരത്തിൽ പങ്കെടുത്താണ് അനീഷ് ബിഗ് ബോസിലേക്ക് സെലക്ഷൻ ആയത്. മൈ ജി തനിക്ക് നൽകിയ സുവർണാവസരത്തെക്കുറിച്ചാണ് മത്സരശേഷം സംസാരിക്കുന്നത്. മത്സരശേഷം തന്റെ വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങൾ സമ്മാനിച്ച കമ്പനിയോടുള്ള സ്‌നേഹമാണ് അനീഷ് പങ്കുവയ്ക്കുന്നു. അതിനിടെ നിരവധി സോഷ്യൽ മീഡിയ ഹാന്റിലുകളിൽ ആളനക്കമില്ലാതെ മൗനത്തിലായ തൃശൂർ കോടന്നൂരിലെ അനീഷിന്റെ വീട് കാണിക്കുന്നു. ശോകമൂകമായ സംഗീതതത്തിന്റെ അകമ്പടിയോടെയാണ് ഈ വീഡിയോകളെല്ലാം. ഈ സീസൺ തുടക്കം മുതൽ മൈൻഡ് ഗെയിമർ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർഥിയാണ് അനീഷ്. ടാസ്‌ക്കുകളിൽ ആണെങ്കിൽ പോലും അനുമോളേക്കാൾ മികച്ച പ്രകടനം നടത്തിയിരുന്നു. പ്രേക്ഷകരിൽ നിന്ന് വലിയ പിന്തുണയാണ് അനീഷിനു ലഭിച്ചിരുന്നത്. എന്നാൽ ഫിനാലെയിലേക്ക് എത്തിയപ്പോൾ അനീഷിനെ മറികടന്ന് അനുമോൾ ഒന്നാമതെത്തി. ഇതാണ് അനീഷിനോട് കാണിച്ചത് അനീതി എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ വിവാദമാകുന്നത്. അനീഷിനായിരുന്നു വോട്ടിംഗ് കൂടുതൽ ഉണ്ടായിരുന്നതെന്നും എന്നാൽ അവസാനഘട്ടത്തിൽ അതു നിറുത്തിവച്ച് മോഹൻലാൽ താൻ പ്രഖ്യാപനം നടത്തുകയാണെന്ന് പറഞ്ഞുകൊണ്ട് അനുമോളുടെ കൈ ഉയർത്തുകയായിരുന്നുമെന്നാണ് അനീഷ് പക്ഷക്കാർ പറയുന്നത്.

പിആർ ഗിമ്മിക്കുകളാൽ മാത്രം ബിഗ് ബോസിൽ പിടിച്ചുനിന്ന മത്സരാർഥിയാണ് അനുമോൾ എന്ന് നേരത്തെയും ആരോപണമുണ്ടായിരുന്നു. പിആറിനു വേണ്ടി ഏതാണ്ട് 16 ലക്ഷം രൂപ വരെ അനുമോൾ ചെലവഴിച്ചെന്നാണ് പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. സഹമത്സരാർഥികൾ അടക്കം അനുമോളുടെ പിആറിനെതിരെ രംഗത്തെത്തിയിരുന്നു. അവതാരകൻ മോഹൻലാലും അനുമോളുടെ പിആറുമായി ബന്ധപ്പെട്ട് നേരത്തെ പരോക്ഷ പരാമർശങ്ങൾ നടത്തിയിട്ടുള്ളതാണ്. ഇതെല്ലാം ഉണ്ടായിട്ടും പിആർ ഗിമ്മിക്കുകളാൽ പിടിച്ചുനിന്ന മത്സരാർഥിക്കു തന്നെ കപ്പ് കൊടുത്തത് ഏഷ്യനെറ്റ് ചെയ്ത അനീതിയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. ബിഗ് ബോസ് ചരിത്രത്തിൽ പല സെലിബ്രിറ്റികളെയും പിന്തള്ളിയ ‘കോമൺ മാനെ’ ചതിക്കുഴിയിൽ വീഴ്‌ത്തിയതാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഏതായാലും കോടന്നൂരുകാരനായ അനീഷ് ടി എ, തന്റെ ‘കോമണർ പവർ’ സ്ട്രാറ്റജിയും ‘ഫെയർ ഗെയിമും’ ഉപയോഗിച്ച് ജനലക്ഷങ്ങളുടെ ഹൃദയമാണ് കീഴടക്കിയത്.
ഷോയുടെ തുടക്കം മുതൽ, താനൊരു സാധാരണക്കാരനാണെന്നും ഒറ്റയ്ക്ക് കളിക്കാനാണ് ഇഷ്ടമെന്നും ആവർത്തിച്ചുകൊണ്ട് ഒരു ഏകാംഗ ആർമിയായും ഒരു പ്രത്യേക ഭാഷാശൈലിയിലൂടെയുമായിരുന്നു മുൻനിരയിലേക്ക് എത്തിയത്. ആദ്യമൊക്കെ പറഞ്ഞ കാര്യം ആവർത്തിച്ചു പറഞ്ഞ് വെറുപ്പിച്ചിരുന്ന അനീഷ് പിന്നീട് ജനഹൃദയങ്ങളിലേക്ക് ഇടിച്ചു കയറി എന്നു തന്നെ പറയാം. അതേ സമയം എത്ര പൊട്ടിത്തെറിച്ചാലും ഒരിക്കലും ചീത്തവിളിക്കുകയോ മോശം വാക്കുകൾ ഉപയോഗിക്കുകയോ ചെയ്‌തിട്ടില്ല. താൻ പറയുന്നതാണ് ശരി എന്ന ഉറച്ചശബ്‌ദത്തിലുള്ള സംസാരവും ആദ്യം വെറുത്തെങ്കിലും പിന്നെ ജനങ്ങൾ ഇഷ്‌ടപ്പെടുകയായിരുന്നു. ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറായുള്ള മൊട്ടയടിക്കൽ ടാസ്‌ക്കിലെ ബ്രില്ല്യൻസ് ഈ സീസണിലെ മികച്ച ഗെയിം മൂവുകളിൽ ഒന്നായിരുന്നു. അവസാന ആഴ്ചകളിലെ പ്രണയം പറയുന്നതും അത് മര്യാദയോടെ അവസാനിപ്പിച്ചതും പ്രേക്ഷകർക്കിടയിൽ നല്ല സ്വാധീനം ചെലുത്തി. എന്നാൽ, റീ-എൻട്രി വന്ന മുൻ മത്സരാർത്ഥികൾ ഇതേ വിഷയത്തിൽ അനുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അനീഷ് പ്രതികരിച്ചില്ല എന്നത് ചെറിയ ചില വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഏതാായാലും ഇനിയുള്ള വരുംകാല ബിഗ്‌ബോസ് ഷോകൾക്കും വേണ്ടി മലയാളികൾ ഇപ്പോഴേ കാത്തിരിക്കുന്നു എന്നിടത്താണ് എന്റര്‍ടെയ്ന്‍മെന്റ് ബിസിനസ് രംഗത്തെ പുതിയ ട്രെന്‍ഡ് ഒളിഞ്ഞിരിക്കുന്നത്.
