കിച്ചനർ : വാട്ടർലൂ മേഖലയിൽ ഞായറാഴ്ച റെക്കോർഡ് മഞ്ഞുവീഴ്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കിച്ചനറിൽ നവംബർ 9-ന് 14 സെന്റിമീറ്റർ മഞ്ഞ് പെയ്തതോടെ 1900 ത്തിന്റെ തുടക്കത്തിൽ സ്ഥാപിച്ച 10.2 സെന്റിമീറ്ററിന്റെ പഴയ റെക്കോർഡ് മറികടന്നു. ഇത് റോഡുകളിൽ അപകടകരമാംവിധം മഞ്ഞുമൂടിക്കിടക്കാൻ ഇടയാക്കുകയും വാഹനാപകടങ്ങൾ വർധിപ്പിക്കുകയും ചെയ്തു. മഞ്ഞുവീഴ്ച കാരണം വിന്റർ ടയറുകൾ ഉപയോഗിക്കുന്നത് ശീലമാക്കണമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി.

ഞായറാഴ്ച 20 അപകടങ്ങളിൽ പ്രതികരിച്ചതായി വാട്ടർലൂ റീജിനൽ പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച എട്ട് അപകടങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അതേസമയം, അപകടങ്ങളിൽ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ചയും ശക്തമായ കാറ്റോടുകൂടിയ മഞ്ഞുവീഴ്ച തുടരുന്നതിനാൽ റോഡുകളിൽ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി താപനില -12 ഡിഗ്രി സെൽഷ്യസ് വരെ കുറയാനും ബുധനാഴ്ചയോടെ മഴയോടൊപ്പം 5 ഡിഗ്രി സെൽഷ്യസ് ആയി ഉയരാനും സാധ്യതയുണ്ട്.
