കാൽഗറി : പലരും സ്വപ്നം കാണുന്ന ഒന്നാണ് സ്വന്തമായി ഒരു വീട്. എന്നാൽ, നഗരത്തിലെ ഭവന നിർമ്മാണ ചെലവ് വർധിച്ചതോടെ സ്വന്തമായി വീടില്ലാത്ത മിക്ക കാൽഗറി നിവാസികൾക്കും ഈ സ്വപ്നം കൈയ്യെത്താ ദൂരത്തായതായി പുതിയ സർവേ റിപ്പോർട്ട്. കാൽഗറിയിൽ വീടില്ലാത്തവരിൽ 71% പേരും തങ്ങൾക്ക് ഒരിക്കലും ഒരു വീടോ താമസ സ്ഥലമോ സ്വന്തമാക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നതായി കാനഡ പൾസ് ഇൻസൈറ്റ്സ് നടത്തിയ സർവേ കണ്ടെത്തി.

സർവേയിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് കാൽഗറി നിവാസികളും (67%) നഗരത്തിലെ ഭവന നിർമ്മാണ ചെലവ് കുതിച്ചുയർന്നതായി പരാതിപ്പെട്ടു. കൂടാതെ വാടക നിരക്കിലും ആശ്വാസം ലഭിക്കുന്നില്ലെന്നും അവർ പറയുന്നു. കോവിഡ് മഹാമാരിക്ക് ശേഷം വാടകയും കുതിച്ചുയർന്നതായി സർവേയിൽ പ്രതികരിച്ചവർ പറഞ്ഞു. സിംഗിൾ ബെഡ്‌റൂം വീടുകൾക്ക് 850 ഡോളറായിരുന്ന വാടക ഇപ്പോൾ 1750 ഡോളറായതായി അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഏറ്റവും ആശങ്കാജനകമായ പ്രശ്നം 18-35 വയസ്സ് പ്രായമുള്ള യുവാക്കളുടെ കാര്യമാണെന്ന് കാനഡ പൾസ് ഇൻസൈറ്റ്‌സ് സിഇഒ ജോൺ റൈറ്റ് പറയുന്നു. ഒരിക്കലും ഒരു വീട് സ്വന്തമാക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവരിൽ ഭൂരിഭാഗവും 18-35 ഇടയിൽ പ്രായമുള്ള യുവാക്കളാണ്, അദ്ദേഹം പറഞ്ഞു. കുടിയേറ്റത്തെ തുടർന്നുള്ള ജനസംഖ്യാ വർധനയാണ് ഭവന നിർമ്മാണ ചെലവ് കുതിച്ചുയരാൻ കാരണമെന്ന് സർവേയിൽ പങ്കെടുത്ത 64% പേരും പ്രതികരിച്ചു.
