കെബെക്ക് സിറ്റി : ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ വൈദ്യുതി മുടക്കം ബാധിച്ച ലക്ഷക്കണക്കിന് താമസക്കാരിൽ 85% പേർക്കും വൈദ്യുതി പുനഃസ്ഥാപിച്ചതായി ഹൈഡ്രോ-കെബെക്ക് അറിയിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടര വരെ ഏകദേശം 41,411 ഉപയോക്താക്കൾ മാത്രമാണ് വൈദ്യുതി തടസ്സം നേരിടുന്നത്. മോണ്ടെറെഗി (14,955), സാഗുനെ-ലാക്-സെന്റ്-ജീൻ (10,049), ലനോഡിയർ (311), സെന്റർ-ഡു-കെബെക്ക് (7,101) എന്നിവിടങ്ങളിലാണ് ഏറ്റവും ഗുരുതരമായ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തത്. മൺട്രിയോളിൽ അയ്യായിരത്തിൽ താഴെ വീടുകളെ മാത്രമേ തടസ്സം ബാധിച്ചിട്ടുള്ളൂ.

ഇന്നലെ, രാവിലെ ഏഴു മണിയോടെ ഏകദേശം 400,000 വീടുകളിൽ വൈദ്യുതിയില്ലായിരുന്നു. ഇപ്പോൾ അത് ഏകദേശം 55,000 ഉപയോക്താക്കളായി കുറഞ്ഞതായി ഹൈഡ്രോ-കെബെക്ക് സീനിയർ ഡയറക്ടർ മാക്സിം നഡ്യൂ അറിയിച്ചു. അതായത് 24 മണിക്കൂറിനുള്ളിൽ, മൂന്ന് ലക്ഷത്തിലധികം വീടുകളിൽ സേവനം പുനഃസ്ഥാപിച്ചു, അദ്ദേഹം പറഞ്ഞു. വൈദ്യുതി തടസ്സം പരിഹരിക്കാൻ ബുധനാഴ്ച ഏകദേശം 1,000 ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്.
