വൻകൂവർ : ബുധനാഴ്ച മെട്രോ വൻകൂവറിന്‍റെ ചില ഭാഗങ്ങളിൽ വീണ്ടും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം. നോർത്ത് ഷോർ, ട്രൈ-സിറ്റീസ്, ഹോവ് സൗണ്ട് മേഖലയിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി. ഉച്ചയോടെ ആരംഭിക്കുന്ന മഴ വ്യാഴാഴ്ച വരെ തുടരും. 40 മുതൽ 60 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രിട്ടിഷ് കൊളംബിയ തെക്കൻ തീരത്ത് ആരംഭിച്ച ന്യൂനമർദ്ദത്തെ തുടർന്ന് പകൽ മുഴുവൻ മഴ ശക്തമാകുമെന്നും ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച വരെയും കനത്ത മഴ പെയ്യുമെന്നും തുടർന്ന് വ്യാഴാഴ്ച രാത്രി കുറയുമെന്നും ഏജൻസി പറയുന്നു. കനത്ത മഴയിൽ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. കുത്തനെയുള്ള ചരിവുകൾ, കാട്ടുതീ പടർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
