ന്യൂഡല്‍ഹി: 20 ജില്ലകളിലെ 122 മണ്ഡലങ്ങളില്‍ പോളിങ് പൂര്‍ത്തിയാക്കി ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നതോടെ, സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ ആകാംഷ സൃഷ്ടിക്കുകയാണ്. നവംബര്‍ 14, വെള്ളിയാഴ്ച വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് ഫലം നിഫ്റ്റി സൂചികയെ എത്തരത്തില്‍ സ്വാധീനിക്കുമെന്ന ആകാംഷയിലാണ് നിക്ഷേപകര്‍.
വിവിധ എക്സിറ്റ് പോളുകള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിക്ക് വ്യക്തമായ വിജയം പ്രവചിക്കുമ്പോള്‍, ഫലം ഇതിന് വിരുദ്ധമാവുകയാണെങ്കില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി ബീഹാറില്‍ പരാജയപ്പെടുകയാണെങ്കില്‍, നിഫ്റ്റി സൂചികയില്‍ 5% മുതല്‍ 7% വരെ ഇടിവാണ് പ്രവചിക്കപ്പെടുന്നത്.

ഇന്‍ക്രെഡ് സെക്യൂരിറ്റീസ് (InCred Securities) നടത്തിയ വിശകലനം അനുസരിച്ച്, ആധിപത്യമുള്ള ഒരു മുന്നണിയുടെ ഭരണം മാറി കൂട്ടുകക്ഷി ഭരണത്തിലേക്ക് വഴിമാറുന്നത് ഓഹരി വിപണിയില്‍ ഇടിവിന് കാരണമാകാറുണ്ട്. 2024 വര്‍ഷത്തില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ഇത് സംഭവിച്ചിട്ടുണ്ട്, അന്ന് ഒറ്റ ദിവസം കൊണ്ട് നിഫ്റ്റി 6% വരെ ഇടിഞ്ഞിരുന്നു. നയങ്ങളുടെ തുടര്‍ച്ച, ധനനയം, പരിഷ്ക്കരണങ്ങള്‍ എന്നിവ സംബന്ധിച്ച് നിക്ഷേപകര്‍ക്ക് ആശങ്കകളുണ്ടാകുന്നതാണ് ഇതിന് കാരണം.
എന്‍.ഡി.എ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഡിഫന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, പി.എസ്.യു സെക്ടറുകളില്‍ മൊമന്റം നഷ്ടപ്പെടാം. അതേസമയം, കണ്‍സംപ്ഷന്‍ (Consumption), റീജണല്‍, എസ്.എം.ഇ (SME – ചെറുകിട ഇടത്തരം സംരംഭങ്ങള്‍) എന്നിങ്ങനെയുള്ള മേഖലകളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കാനും സാധ്യതയുണ്ട്.
