ഗബറോൺ: ബൊട്‌സ്വാനയുടെ പ്രസിഡന്റ് ഡുമ ഗിഡിയൻ ബോക്കോ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പ്രതീകാത്മകമായി എട്ട് ചീറ്റകളെ കൈമാറി. രാഷ്ട്രപതിയുടെ ബൊട്‌സ്വാനൻ സന്ദർശന വേളയിലാണ് ചീറ്റകളെ കൈമാറിയത്. കലഹാരി മേഖലയിൽ നിന്നും കൊണ്ടു വന്ന ചീറ്റകളെ ക്വാറന്റൈന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടു വരും. രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റകളെ തിരിച്ചു കൊണ്ടു വരാനുള്ള ഇന്ത്യയുടെ പദ്ധതിയായ പ്രൊജക്ട് ചീറ്റയുടെ ഭാഗമായാണ് നടപടി. വന്യജീവി സംരക്ഷണത്തിൽ ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മറ്റൊരു ഘട്ടമായാണ് പദ്ധതി. നേരത്തെ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യക്ക് ചീറ്റകളെ ലഭിച്ചിരുന്നു.

ചീറ്റകളെ നൽകുന്നതിന് ബൊട്സ്വാന പ്രസിഡൻറ് ഡുമ ഗിഡിയൻ ബോക്കോയ്ക്ക് രാഷ്‌ട്രപതി നന്ദി പറഞ്ഞു. ഇന്ത്യയ്ക്കു നൽകുന്ന ചീറ്റകളെ മികച്ച രീതിയിൽ പരിപാലിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് രാഷ്‌ട്രപതി ബൊട്സ്വാനയിലെത്തിയത്. ദക്ഷിണാഫ്രിക്കൻ രാജ്യമായ ബൊട്സ്വാനയിൽ ഇതാദ്യമാണ് ഒരു ഇന്ത്യൻ രാഷ്‌ട്രപതിയെത്തുന്നത്. ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിയിൽ നമീബിയയും ദക്ഷിണാഫ്രിക്കയും ചീറ്റകളെ നൽകിയിരുന്നു. മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തിൽ എത്തിച്ച ആഫ്രിക്കൻ ചീറ്റകൾ നിലവിൽ പരിസ്ഥിതിയുമായി ഇണങ്ങിയിട്ടുണ്ട്.
