ടൊറന്റോ: കാനഡയിലെ ചില അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രാഥമിക ഇന്സ്പെക്ഷന് കിയോസ്കുകള്‍ തകരാറിലായി. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA) അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി സജീവമായി ഇടപെടുകയാണെന്നു അറിയിച്ച അധികൃതര്‍ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ
ട്വിറ്ററിലൂടെ ക്ഷമ ചോദിച്ചു. അതേ സമയം പ്രശ്നം ബാധിച്ച എല്ലാ വിമാനത്താവളങ്ങളുടെയും വിവരങ്ങൾ സി.ബി.എസ്.എ പുറത്തുവിട്ടിട്ടില്ല.

കാനഡയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമായ ടൊറന്റോ പിയേഴ്സണ്‍ എയര്‍പോര്‍ട്ട് ഈ മുന്നറിയിപ്പ് റീപോസ്റ്റ് ചെയ്തെങ്കിലും കിയോസ്കുകള്‍ തകരാറിലാണോ എന്നതിനെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. മണ്‍ട്രിയോള്‍ ട്രൂഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കുറഞ്ഞ എണ്ണം കിയോസ്കുകള്‍ മാത്രമാണ് തകരാറിലായതെന്നും മറ്റുള്ളവ പ്രവര്‍ത്തനക്ഷമമാണെന്നും അധികൃതര്‍ അറിയിച്ചു. കിയോസ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ബോര്‍ഡര്‍ സര്‍വീസസ് ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിക്കുന്ന മാനുവല്‍ ലൈനുകളിലേക്ക് യാത്രക്കാരെ തിരിച്ചുവിടുകയാണിപ്പോൾ. ഇത് വിമാനത്താവളങ്ങളില്‍ സാധാരണയിലും കൂടുതല്‍ യാത്രാ കാലതാമസത്തിന് കാരണമായേക്കാം. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ഉണ്ടാകുന്ന ഏറ്റവും പുതിയ തകരാറാണിത്
