വാഷിങ്ടൺ: ഇന്ത്യൻ സൈന്യത്തിന് വേണ്ടിയുള്ള എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വഹിച്ചുള്ള ചരക്ക് വിമാനം പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് യുഎസിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. വർഷങ്ങളുടെ കാലതാമസം നേരിട്ടതിന് ശേഷമെത്തിയ രണ്ടാമത്തെ ബാച്ച് ഹെലികോപ്റ്ററുകളാണിത്. 2020-ൽ 60 കോടി ഡോളറിനാണ് ഇന്ത്യ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് യുഎസുമായി കരാറൊപ്പിട്ടത്. ആദ്യ ബാച്ച് 2025 ജൂലൈയിൽ ഇന്ത്യയിലെത്തിയിരുന്നു.
നവംബർ ഒന്നിന് യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ആന്‍-124 ചരക്കുവിമാനം പാതിവഴിയിൽ ഇംഗ്ലണ്ടിൽ ഇറങ്ങുകയും എട്ട് ദിവസത്തിന് ശേഷം യുഎസിലെ മെസ ഗേറ്റ് വേ വിമാനത്താവളത്തിലേക്ക് മടങ്ങുകയുമായിരുന്നു. ചരക്കുനീക്കത്തിലെ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകളെങ്കിലും, വിമാനത്തിന് തുർക്കി വ്യോമാതിർത്തി തുറന്നുനൽകാൻ തയ്യാറാകാത്തതാണ് തിരിച്ചുവരവിന് കാരണമെന്ന് യുറേഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യ-തുർക്കി ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ സംഭവം.

കരസേനയുടെ ശേഷി വർധിപ്പിക്കുന്നതിൽ അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് നിർണായക സ്ഥാനമുണ്ട്. 1975-ൽ ആദ്യമായി പറന്ന ഈ മൾട്ടി റോൾ യുദ്ധഹെലികോപ്റ്ററുകൾ ലോകത്തിലെ മികച്ച സൈനിക ഹെലികോപ്റ്ററുകളിൽ ഒന്നാണ്. എം230 ചെയിൻ ഗൺ, ഹെൽഫയർ ആന്റി ടാങ്ക് മിസൈലുകൾ തുടങ്ങിയ അത്യാധുനിക ആയുധങ്ങൾ ഘടിപ്പിക്കാൻ ഇതിന് ശേഷിയുണ്ട്.
