കാലിഫോർണിയ : വിദേശികൾക്ക് നൽകിയ 17,000 വാണിജ്യ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കാൻ ഒരുങ്ങി കാലിഫോർണിയ. അനധികൃത കുടിയേറ്റക്കാർക്ക് ലൈസൻസുകൾ തെറ്റായി നൽകിയിരിക്കാമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആശങ്കകളെ തുടർന്നാണിത്. ലൈസൻസ് റദ്ദാക്കൽ പ്രധാനമായും ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരെയാകും ബാധിക്കുക.

ലൈസൻസുകളുടെ കാലാവധി ഡ്രൈവർമാരുടെ യുഎസിലെ അനുവദനീയമായ താമസ കാലാവധിക്ക് അപ്പുറത്തേക്ക് നീണ്ടുപോയതാണ് ലൈസൻസുകൾ അസാധുവാകാൻ കാരണമെന്ന് കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസോം വ്യക്തമാക്കി. എന്നാൽ, സംസ്ഥാനം ഈ വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ പി. ഡഫി ആരോപിച്ചു. അനധികൃതമായി നൽകിയ 17,000 ലൈസൻസുകൾ റദ്ദാക്കുന്നത് കാലിഫോർണിയയുടെ വീഴ്ച തുറന്നുകാട്ടുന്നു എന്നും, അനധികൃത കുടിയേറ്റക്കാർ ട്രക്കുകളുടെയും സ്കൂൾ ബസുകളുടെയും ഡ്രൈവിങ് സീറ്റിലില്ലെന്ന് ഉറപ്പാക്കാൻ തുടർന്നും നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദശകത്തിൽ ട്രക്ക് ഡ്രൈവർമാരുടെ ക്ഷാമം നികത്തുന്നതിൽ കാലിഫോർണിയയിലടക്കമുള്ള ഇന്ത്യൻ-സിഖ് സമൂഹം വലിയ പങ്കുവഹിച്ചതായി 2019-ലെ ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫ്ലോറിഡയിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരനായ ഡ്രൈവർ യു-ടേൺ എടുക്കവേയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി വാണിജ്യ ഡ്രൈവിങ് ലൈസൻസുകളിൽ ഓഡിറ്റ് ആരംഭിച്ചിരുന്നു. അപകടത്തിനുശേഷം ഡഫി പ്രഖ്യാപിച്ച പുതിയ വാണിജ്യ ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ കുടിയേറ്റക്കാർക്ക് ലൈസൻസ് നേടുന്നതിൽ കൂടുതൽ ബുദ്ധിമുട്ടാക്കുന്നുണ്ട്. H-2a, H-2b, E-2 എന്നീ മൂന്ന് വിസ വിഭാഗക്കാർക്ക് മാത്രമേ ഇനി ലൈസൻസിന് യോഗ്യതയുള്ളൂ. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയിൽ പരാജയപ്പെട്ടതിന് ഏഴായിരത്തിലധികം ട്രക്ക് ഡ്രൈവർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും, കാലിഫോർണിയ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകൾ പാലിക്കാത്തതിനാൽ സംസ്ഥാനത്തിന് നൽകേണ്ട 4 കോടി ഡോളർ ഫെഡറൽ ഫണ്ട് തടഞ്ഞുവെച്ചതായും ഡഫി അറിയിച്ചു.
