ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ കീഴിൽ നടപ്പാക്കിയ പരിസ്ഥിതി നയങ്ങളിൽ മാറ്റം വന്നിട്ടും ലിബറൽ സർക്കാരിന്റെ ഭാഗമായതിൽ തൃപ്തനെന്ന് ബി സി ലിബറൽ എംപി ജോനാഥൻ വിൽക്കിൻസൺ. എന്നാൽ വിൽക്കിൻസൺ നിലവിലെ പരിസ്ഥിതി അജണ്ടയ്ക്ക് എതിരാണെന്ന് കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവ് ചൂണ്ടിക്കാട്ടി. പൊളിയേവിന്റെ ആരോപണങ്ങൾ വിൽക്കിൻസൺ തള്ളി.
കാർണി സർക്കാർ അധികാരമേറ്റ ശേഷം മുൻ ട്രൂഡോ സർക്കാരിന്റെ പല പ്രധാന പരിസ്ഥിതി നയങ്ങളും തിരുത്തിയിരുന്നു. ജനപ്രിയമല്ലാതിരുന്ന ഉപഭോക്തൃ കാർബൺ നികുതി എടുത്തു കളഞ്ഞത് അതിൽ പ്രധാനമാണ്. 2030-ൽ ഹരിതഗൃഹ വാതകം പുറന്തള്ളുന്നത് 40% മുതൽ 45% വരെ കുറയ്ക്കാനുള്ള ലക്ഷ്യം സാധ്യമാകുമോ എന്നതിലും സർക്കാർ ഉറപ്പുകളൊന്നും നൽകിയിട്ടില്ല.

പുതിയ ഫെഡറൽ ബഡ്ജറ്റിൽ എണ്ണ-വാതക പുറന്തള്ളൽ പരിധി (Emissions Cap) ഒഴിവാക്കാനുള്ള സൂചന നൽകിയിരുന്നു. കാർബൺ നികുതി ഒഴിവാക്കിയതിൽ കടുത്ത നിരാശനെങ്കിലും നിക്ഷേപ നികുതി ഇളവുകൾ പോലുള്ള മറ്റ് പരിപാടികൾ മുന്നോട്ട് പോകുന്നതിൽ തൃപ്തനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
