ടൊറന്റോ: നഗരത്തിൽ കള്ള നോട്ടുകളുടെ പ്രചരണം വർധിക്കുന്നതായി ജാഗ്രതാ നിർദേശം നൽകി ഹാമിൽട്ടൺ പൊലീസ്. പ്രചരിക്കുന്ന 20 ഡോളർ, 50 ഡോളർ, 100 ഡോളർ നോട്ടുകൾ നിലവിലെ പോളിമർ നോട്ടുകൾക്ക് സമാനമായി ഉയർന്ന നിലവാരത്തിൽ നിർമ്മിച്ചതാണെങ്കിലും, യഥാർത്ഥ നോട്ടുകളിലുള്ള സുരക്ഷാ സവിശേഷതകൾ ഇതിനില്ലെന്നാണ് കണ്ടെത്തൽ. റീട്ടെയിൽ സ്ഥാപനങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സ്വകാര്യ ഇടപാടുകളിലുമാണ് നോട്ടുകൾ കൂടുതലായി കൈമാറ്റം ചെയ്യപ്പെടുന്നത്.
വ്യാജനോട്ടുകളെ പിടിച്ചുകെട്ടാൻ പൊലീസ് നിരവധി നിർദേശങ്ങൾ പുറവെടുവിച്ചു. നോട്ടുകളിൽ ഒരേ സീരിയൽ നമ്പർ ആവർത്തനം, ഹോളോഗ്രാഫിക് സ്ട്രിപ്പിലോ നോട്ടിന്റെ മറ്റ് ഭാഗങ്ങളിലോ ‘Prop Money’, ‘For Motion Picture Use’ പോലുള്ള പ്രത്യേക ലിഖിതങ്ങൾ, ഹോളോഗ്രാഫിക് സ്ട്രിപ്പ് ഒരു ഒട്ടിച്ച സ്റ്റിക്കർ പോലെ തോന്നുക, കൂടാതെ പ്രിൻ്റ് മങ്ങുക തുടങ്ങിയവയെല്ലാം വ്യാജനാണെന്നുള്ളതിന് വ്യക്തമായ സൂചന നൽകുന്നവയാണ്.

വ്യാജ കറൻസിയാണെന്ന് സംശയം തോന്നുന്നവർ ഉടൻ പൊലീസിൽ അറിയിക്കണമെന്ന് നിർദേശമുണ്ട്. പണം കൈകാര്യം ചെയ്യുമ്പോൾ നോട്ടുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കാനും സംശയം തോന്നുന്നവ സ്വീകരിക്കാതിരിക്കാനും പൊലീസ് അറിയിച്ചു. പണം നൽകുന്നയാൾക്ക് അത് വ്യാജനാണെന്ന് അറിയണമെന്നില്ലെന്നതിനാൽ സ്വയം അപകടത്തിലാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
