ഓട്ടവ: കാനഡക്കാർ യുഎസിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നത് അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ യുഎസിൽ ചെലവഴിക്കുന്ന തുകയിൽ ഈ വർഷം 3.2 ശതമാനം കുറവുണ്ടാകുമെന്ന് യുഎസ് ട്രാവൽ അസോസിയേഷൻ്റെ റിപ്പോർട്ടിൽ പറയുന്നു . ഇതേ തുടർന്ന് മുൻ വർഷത്തെ അപേക്ഷിച്ച് യുഎസിന് ഏകദേശം 570 കോടി ഡോളറിൻ്റെ നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞ വർഷം ഏകദേശം 20.2 ദശലക്ഷം കാനഡക്കാർ യുഎസിലേക്ക് യാത്ര ചെയ്തിരുന്നു. ഈ വർഷം അത് 15.7 ദശലക്ഷമായി കുറയാനാണ് സാധ്യത. 2029 വരെ കാനഡയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കോവിഡ്-19 മഹാമാരിക്ക് മുൻപുള്ള നിലയിലേക്ക് തിരിച്ചെത്തിയേക്കില്ലെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. മെക്സിക്കോയിൽ നിന്ന് കൂടുതൽ സന്ദർശകർ എത്തുന്നുണ്ടെങ്കിലും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും നേരിയ കുറവുണ്ട്.

ചില യുഎസ് നഗരങ്ങൾ പ്രത്യേക കിഴിവുകളും പരിപാടികളും നൽകി കാനഡക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്, മൊണ്ടാനയിലെ കാലിസ്പെൽ (Kalispell) ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ‘കനേഡിയൻ വെൽക്കം പാസ്’ നൽകുന്നുണ്ട്. എങ്കിലും രാഷ്ട്രീയപരമായ പിരിമുറുക്കങ്ങളും അതിർത്തിയിലെ ആശങ്കകളും കാരണം പല കാനഡക്കാരും യുഎസിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത പാലിക്കുകയാണ്. വീസ നൽകുന്നതിലെ കാലതാമസവും ഉയർന്ന ഫീസും സന്ദർശകരുടെ എണ്ണം ഇനിയും കുറച്ചേക്കാം എന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
