വൻകൂവർ : കാനഡയിൽ ഏറ്റവും ചെലവ് കൂടുതലുള്ള നഗരം വൻകൂവർ ആണെന്ന് റിപ്പോർട്ട്. Zumper.com പുറത്തിറക്കിയ പുതിയ റിപ്പോർട്ട് അനുസരിച്ച്, വാടക നിരക്കുകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും, കാനഡയിൽ ഒരു വീട് വാടകയ്ക്ക് എടുക്കാൻ ഏറ്റവും കൂടുതൽ തുക ചെലവഴിക്കേണ്ടത് വൻകൂവറിലാണെന്ന് റിപ്പോർട്ട് പറയുന്നു. ഒക്ടോബറിൽ നഗരത്തിൽ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന്റെ ശരാശരി വാടക 2,500 ഡോളർ ആയിരുന്നു. ഇത് മുൻ മാസത്തെ അപേക്ഷിച്ച് 0.8% ഉം, കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് 3.8% ഉം കുറവാണ്. വൻകൂവറിന് തൊട്ടുപിന്നാലെ ബെർൺബിയാണ്. അവിടെ ബെഡ്‌റൂം വാടക 2,300 ഡോളർ ആണ്. രാജ്യത്തുടനീളം വാടക നിരക്കുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തത്തിൽ 4.2% കുറഞ്ഞതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേസമയം, ചില പ്രെയറി നഗരങ്ങളിലും വാടക വർധന രേഖപ്പെടുത്തിയിട്ടുണ്ട്. സസ്‌കാച്വാനിലെ റെജൈനയിൽ ശരാശരി വാടക 4% ഉം സസ്‌കറ്റൂണിൽ 4.8% ഉം വർധിച്ചു. വില കുറഞ്ഞതും വിഭവങ്ങളെ ആശ്രയിച്ചുള്ളതുമായ സമ്പദ്‌വ്യവസ്ഥയുള്ള ഈ പ്രദേശങ്ങൾ വാടകക്കാരെ ആകർഷിക്കുന്നതിനാലാണ് തീരദേശ നഗരങ്ങളിൽ വില കുറയുമ്പോൾ ഇവിടെ കൂടാൻ കാരണമെന്ന് Zumper വിശകലന വിദഗ്ധർ പറയുന്നു. രാജ്യത്തെ അൻപതിനായിരത്തിലധികം വാടക ലിസ്റ്റിങ്ങുകൾ വിശകലനം ചെയ്താണ് Zumper.com റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
