ഓട്ടവ : ഫെഡറൽ ബജറ്റിനെതിരെ ശക്തമായ നിലപാടുമായി കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ്. ചെലവേറിയ ക്രെഡിറ്റ് കാർഡ് ബജറ്റ് കാനഡയിലെ ജീവിതച്ചെലവ് വീണ്ടും വർധിപ്പിക്കുമെന്നും, രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെ തകർക്കുമെന്നും പൊളിയേവ് വിമർശിച്ചു. ഈ ബജറ്റിനെതിരെ വോട്ട് ചെയ്യേണ്ടത് കനേഡിയൻ പൗരന്മാരുടെ ക്ഷേമത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന നിർണ്ണായക വോട്ടെടുപ്പിൽ ബജറ്റ് പരാജയപ്പെട്ടാൽ ലിബറൽ സർക്കാർ വീഴുകയും, ഏഴ് മാസത്തിനുള്ളിൽ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകുകയും ചെയ്യും.

എല്ലാ എംപിമാരും ബഡ്ജറ്റിനെ എതിർക്കുമെന്ന് പൊളിയേവ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും, കഴിഞ്ഞ ആഴ്ച നടന്ന രണ്ട് വോട്ടെടുപ്പുകളിൽ നാല് കൺസർവേറ്റീവ് എംപിമാർ വിട്ടുനിന്നത് പാർട്ടിക്ക് തിരിച്ചടിയായിരുന്നു. ഈ വിട്ടുനിൽക്കൽ കാരണം പ്രതിപക്ഷ വോട്ടുകൾ സമനിലയിൽ എത്തിയിരുന്നു. തിങ്കളാഴ്ചയും സമനില സംഭവിക്കുകയാണെങ്കിൽ, സ്പീക്കർക്ക് വോട്ട് ചെയ്യേണ്ടി വരും. ലിബറലുകളുടെ ‘അമിതച്ചെലവിനെ’ പരാജയപ്പെടുത്താനുള്ള സുവർണ്ണാവസരമായാണ് കൺസർവേറ്റീവ് നേതൃത്വം ഈ വോട്ടെടുപ്പിനെ കാണുന്നത്. അതേസമയം, ബ്ലോക്ക് കെബെക്ക്വ എതിർക്കുന്ന ബജറ്റിനെ പരാജയപ്പെടുത്താൻ കൺസർവേറ്റീവ് പാർട്ടി ഒറ്റക്കെട്ടായി വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ.
