അങ്കാര: ഇസ്താംബൂളിൽ വിഷബാധയേറ്റതായി സംശയിക്കുന്ന സംഭവത്തിൽ തുർക്കി-ജർമ്മൻ കുടുംബത്തിലെ അമ്മയും ആറ്, മൂന്ന് വയസ്സുള്ള രണ്ട് കുട്ടികളും മരിച്ചു. ജർമ്മനിയിൽ നിന്ന് അവധിക്കെത്തിയ ഈ കുടുംബം താമസിച്ച ഫാത്തിഹ് പ്രദേശത്തുള്ള ഹോട്ടലിൽ നിന്നും മറ്റ് അതിഥികളെ കൂടി ഉടൻ തന്നെ മറ്റ് ഹോട്ടലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അതേ ഹോട്ടലിൽ താമസിച്ചിരുന്ന രണ്ട് വിനോദസഞ്ചാരികളെക്കൂടി ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്.

ബോസ്ഫറസ് പാലത്തിൻ്റെ അടുത്തുള്ള ഓർത്താകോയിയിൽ നിന്ന് കുടുംബം സ്ട്രീറ്റ് ഫുഡ് കഴിച്ചതിനെ തുടർന്നാണ് രോഗബാധിതരായത്. അടുത്ത ദിവസങ്ങളിൽ തന്നെ മൂന്നു പേരും മരണപ്പെട്ടു. പിതാവിൻ്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. സംഭവത്തിൻ്റെ കാരണം സ്ട്രീറ്റ് ഫുഡ് ആണെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും ഹോട്ടലിലെ താഴത്തെ നിലയിലെ മുറിയിൽ അടുത്തിടെ കീടനാശിനി തളിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഹോട്ടൽ ജീവനക്കാരനെയും രണ്ട് കീടനാശിനി നിയന്ത്രണ തൊഴിലാളികളെയും ഉൾപ്പെടെ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുന്നു.
