വത്തിക്കാൻ സിറ്റി: നഗരങ്ങളിൽനിന്നു സിനിമാശാലകൾ അപ്രത്യക്ഷമാകുന്നതു തടയണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഹോളിവുഡിലെ പ്രമുഖ നടന്മാരെയും സംവിധായകരെയും വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്കർ ജേതാക്കളായ കേറ്റ് ബ്ലാൻഷെറ്റ്, മോണിക്ക ബെലൂചി, ക്രിസ് പൈൻ, സംവിധായകൻ സ്പൈക്ക് ലീ തുടങ്ങിയവർ പങ്കെടുത്തു.
സിനിമ കാണുന്ന ശീലം പൊതുവിൽ ഇല്ലാതാവുകയാണെന്നും സംസാരിക്കവേ മാർപാപ്പ പറഞ്ഞു. ‘‘സിനിമയുടെ സാമൂഹിക–സാംസ്കാരിക മൂല്യം തിരിച്ചറിഞ്ഞു സംരക്ഷിക്കാൻ സർക്കാരുകൾ ശ്രമിക്കണം. യുദ്ധം, അക്രമം, ദാരിദ്ര്യം, ഏകാന്തത തുടങ്ങിയ വിഷയങ്ങളെ സിനിമ സത്യസന്ധമായി അഭിമുഖീകരിക്കണം,’’മാർപാപ്പ പറഞ്ഞു.

വേദനയെ ചൂഷണം ചെയ്യാനുള്ള ശീലം പുതുകാല സിനിമകൾ പുലർത്തുന്നതായും മാർപാപ്പ അഭിപ്രായപ്പെട്ടു. സംവിധായകരെയും നടന്മാരെയും മാത്രമല്ല, പിന്നണിയിൽ അദൃശ്യരായി അധ്വാനിക്കുന്ന എല്ലാ തൊഴിലാളികളെയും അദ്ദേഹം പ്രശംസിച്ചു. ചടങ്ങിനൊടുവിൽ സ്പൈക്ക് ലീ മാർപാപ്പയ്ക്കു ‘പോപ്പ് ലിയോ 14’ എന്നെഴുതിയ ബാസ്കറ്റ്ബോൾ ജഴ്സി സമ്മാനിച്ചു.
