വത്തിക്കാൻ സിറ്റി: കോളനിവാഴ്ചക്കാലത്ത് കാനഡയിലെ തദ്ദേശവാസികളുടെ വികാരം മാനിക്കാതെ ശേഖരിച്ച് വത്തിക്കാൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന 62 പുരാവസ്തുക്കൾ ലിയോ പതിനാലാമൻ മാർപാപ്പ കാനഡ കത്തോലിക്കാ മെത്രാൻ സമിതിക്കു കൈമാറി. 1925ൽ വിശുദ്ധവർഷാചരണത്തിന്റെ ഭാഗമായി വത്തിക്കാൻ ഗാർഡൻസിൽ നടന്ന ആഗോള മിഷനറി പ്രദർശനത്തിനായി കാനഡയിൽനിന്നു കൊണ്ടുവന്നതായിരുന്നു ഇവ.

അന്നത്തെ കാനഡ സർക്കാർ തദ്ദേശവാസികളുടെ സംസ്കാരത്തെ മാനിക്കാതെ നിർബന്ധമായി നിയമങ്ങൾ അടിച്ചേൽപിച്ചപ്പോൾ അവിടുത്തെ കത്തോലിക്കാ മിഷനുകൾ അതിനുവേണ്ട ഒത്താശ ചെയ്തുവെന്ന വിവാദം ഏറെക്കാലമായുണ്ട്. 2022 ൽ കാനഡയിലെ തദ്ദേശവാസികളുടെ പ്രതിനിധിസംഘം വത്തിക്കാൻ സന്ദർശിച്ചപ്പോൾ ഫ്രാൻസിസ് മാർപാപ്പ ഇതിനു മാപ്പു പറയുകയും നീതിപൂർവമല്ലാതെ കൊണ്ടുവന്ന പുരാവസ്തുക്കൾ തിരിച്ചുകൊടുക്കുന്നതു സംബന്ധിച്ച് ചർച്ചനടത്തുകയും ചെയ്തിരുന്നു.
