വാഷിങ്ടൺ: യു.എസ്സിലുള്ളവർക്ക് ഇനി വില നോക്കാതെ ഇഷ്ടം പോലെ കാപ്പികുടിക്കാം. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനുമായി കാപ്പി, ബീഫ്, ഉഷ്ണമേഖലാപ്രദേങ്ങളിൽ നിന്നുള്ള പഴങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഭക്ഷ്യവസ്തുക്കളുടെ താരിഫ് ഒഴിവാക്കിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. കഴിഞ്ഞ ഏപ്രിലിൽ വാശിയോടെ പ്രഖ്യാപിച്ച പകരം താരിഫ് തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്താണ് ട്രംപിന്റെ പുത്തൻ ഉത്തരവ്. ട്രംപ് ഒപ്പുവെച്ച ഉത്തരവ് പ്രകാരം, ചായ, പഴച്ചാറുകൾ, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ, വാഴപ്പഴം, ഓറഞ്ച്, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ, ചിലയിനം വളം, തേയില, അവക്കാഡോ എന്നിവയ്ക്കും തീരുവയിളവുണ്ട്. 10 ശതമാനം മുതൽ 50 ശതമാനം വരെ ഉയർന്ന താരിഫ് നിരക്കുകളാണ് ഈ ഉത്പന്നങ്ങൾക്ക് വെല്ലുവിളിയായത്.അമേരിക്കക്കാർക്ക് കാപ്പിയും ബീഫും ഏറ്റവും പ്രധാനമാണ്. ഇവയ്ക്ക് കനത്ത താരിഫ് ചുമത്തിയത് ട്രംപിനെതിരായ വികാരം ശക്തമാക്കിയിരുന്നു. കാപ്പിവില താരിഫ് 20 ശതമാനത്തിലധികമാണ് യു. എസിൽ കൂടിയത്. 1990ന് ശേഷമുള്ള ഏറ്റവും വലിയ വർധന. ഈ താരിഫുകൾ കാരണം ഉപഭോക്താക്കൾക്ക് ഉയർന്ന വില നൽകേണ്ടി വന്നിരുന്നു. രാജ്യത്ത് ഇവ കാര്യമായി ഉത്പാദിപ്പിക്കാത്തതിനാൽ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം താരിഫുകൾക്ക് ഉണ്ടായിരുന്നില്ല.

പുതിയ ഉത്തരവോടെ താരിഫ് ഒഴിവാക്കുന്നത് യു.എസ് ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. യു.എസിൽ നിർമ്മിക്കാത്ത ഉത്പന്നങ്ങളെയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് നേരത്തെ പ്രതികരിച്ചത്. അതേ സമയം എല്ലാ ഉത്പന്നങ്ങൾക്കും പൂർണ്ണമായ താരിഫ് ഇളവ് ലഭിക്കില്ല. യു.എസിലേക്കുള്ള തക്കാളിയുടെ പ്രധാന വിതരണക്കാരായ മെക്‌സിക്കോയിൽ നിന്നുള്ള തക്കാളിക്ക് 17 ശതമാനം താരിഫ് തുടരും. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള വ്യാപാര കരാർ അവസാനിച്ചതിന് പിന്നാലെ ജൂലായിലായിരുന്നു ഈ നിരക്ക് പ്രാബല്യത്തിൽ വന്നത്. തുടർന്ന് തക്കാളി വില കൂടിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ വാശിയോടെ പ്രഖ്യാപിച്ച പകരം തീരുവ തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്താണ് ട്രംപിന്റെ പുത്തൻ ഉത്തരവ്. മതിയായ ആഭ്യന്തര വിതരണത്തിന്റെ കുറവും ഭാഗികമായി ചുമത്തിയ താരിഫുകളും കാരണം വിലക്കയറ്റം നേരിട്ട പല ഉത്പന്നങ്ങൾക്കും ഈ ഉത്തരവ് ആശ്വാസമാകും.
