ടൊറന്റോ: തീപിടുത്ത സാധ്യത കണക്കിലെടുത്ത് ലിഥിയം-അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും ശൈത്യകാല നിരോധനം ഏർപ്പെടുത്തി ടിടിസി. നവംബർ 15 മുതൽ ഏപ്രിൽ 15 വരെ ടിടിസി വാഹനങ്ങളിലും സ്റ്റേഷനുകളിലും ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും നിരോധിച്ചിരിക്കുന്നതായി ട്രാൻസിറ്റ് ഏജൻസി അറിയിച്ചു. വൈകല്യമുള്ളവർ ഉപയോഗിക്കുന്ന ഇലക്ട്രിക് വീൽചെയറുകൾക്കോ മറ്റ് മൊബിലിറ്റി ഉപകരണങ്ങൾക്കോ നിരോധനം ബാധകമല്ല. നിരോധനം ലംഘിച്ചാൽ സിസ്റ്റം വിടാൻ ആവശ്യപ്പെടുമെന്നും വിസമ്മതിച്ചാൽ പിഴയോ അറസ്റ്റോ നേരിടേണ്ടി വന്നേക്കാമെന്നും ടിടിസി പറയുന്നു. ബാറ്ററി തീപിടുത്ത സാധ്യതയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ വർധിച്ചതിനെത്തുടർന്ന് 2024 ഡിസംബറിലാണ് ഇ-ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും ടിടിസി നിരോധനം ഏർപ്പെടുത്തി തുടങ്ങിയത്.

സീസണൽ നിരോധനം നടപ്പിലാക്കുന്നതിന് മുമ്പ്, മെട്രോലിൻക്‌സിന്റെ GO ട്രാൻസിറ്റിന് സമാനമായ ഒരു സംവിധാനം സ്വീകരിക്കാൻ TTC പരിഗണിച്ചിരുന്നു. ഈ സംവിധാനത്തിൽ ഇ-ബൈക്ക് ബാറ്ററികൾക്ക് “UL” അല്ലെങ്കിൽ “CE” സർട്ടിഫിക്കേഷനുകൾ ആവശ്യമാണ്, കൂടാതെ ജീവനക്കാരുടെ പരിശോധനകളും ഉൾപ്പെടുന്നു. പരിശോധനയ്ക്ക് ശേഷം മാത്രമേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ബസുകളിലും ഇ-ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും പ്രവേശനമുള്ളൂ.
