സാക്രമെന്റോ: ബീച്ചിൽ ഒഴുക്കിൽപ്പെട്ട അഞ്ചുവയസ്സുള്ള മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാൽഗറി സ്വദേശിയായ പിതാവ് മരിച്ചു. കൂറ്റൻ തിരമാലയിൽപ്പെട്ട് മകൾ കടലിലേക്ക് ഒഴുകിപ്പോയതോടെ, പിതാവ് യൂജി ഹു (39) രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. ഈ ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത് .കാലിഫോർണിയയിലെ ഗാരപറ്റ സ്റ്റേറ്റ് ബീച്ചിൽ അവധിയാഘോഷത്തിനെത്തിയതായിരുന്നു കുടുംബം.

രക്ഷിക്കാൻ ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്ക് നീന്തി കരയിലേക്ക് തിരിച്ചെത്താൻ സാധിച്ചെങ്കിലും, ഹൈപ്പോതെർമിയ ബാധിച്ച് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. പാർക്ക്സ് ഓഫീസറുടെ സഹായത്തോടെ ഉടൻ സി.പി.ആർ. നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ഹു മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ദുരന്തത്തിൽപ്പെട്ട അഞ്ചുവയസ്സുകാരിയായ കുട്ടിയെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമില്ലാത്തതിനെ തുടർന്ന് വലിയ തിരച്ചിൽ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി പൊലീസ് അറിയിച്ചു. എന്നിരുന്നാലും, തീരപ്രദേശങ്ങളിൽ കാൽനടയായുള്ള തിരച്ചിൽ തുടരുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
