നോർത്ത് കാരൊലൈന: നോർത്ത് കാരൊലൈനയിലെ ഷാർലറ്റിൽ കുടിയേറ്റ നിയന്ത്രണ നടപടികൾ ആരംഭിച്ച് ഫെഡറൽ ഏജന്റുമാർ. അനധികൃത കുടിയേറ്റത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കർശന നടപടികളുടെ ഭാഗമായാണ് ഈ നടപടി. “ഓപ്പറേഷൻ ഷാർലറ്റ്സ് വെബ്” എന്ന പേരിൽ ഷാർലറ്റ് നഗരത്തിൽ ഫെഡറൽ ഏജന്റുമാർ റെയ്ഡ് നടത്തിയതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) അറിയിച്ചു.

ശനിയാഴ്ച നഗരത്തിൽ നടത്തിയ റെയ്‌ഡിൽ കുറഞ്ഞത് 81 പേരെ അറസ്റ്റ് ചെയ്തതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ കമാൻഡർ ഗ്രിഗറി ബോവിനോ പറഞ്ഞു. ഈ നടപടി സമൂഹത്തിൽ അനാവശ്യമായ ഭയവും അനിശ്ചിതത്വവും ഉണ്ടാക്കുന്നതായി ഷാർലറ്റ് മേയർ ലി വൈൽസ് പറയുന്നു.
ക്രിമിനലുകളായ നിയമവിരുദ്ധ കുടിയേറ്റക്കാരെ ലക്ഷ്യം വച്ചുള്ളതാണ് ഈ ഓപ്പറേഷൻ എന്നും അമേരിക്കക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയും പൊതു സുരക്ഷാ ഭീഷണികൾ നീക്കം ചെയ്യുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ഡിഎച്ച്എസ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലൗലിൻ വ്യക്തമാക്കി.
