ഹാലിഫാക്സ്: അറ്റ്ലാന്റിക് കാനഡയിൽ വീണ്ടും കൊടുങ്കാറ്റിന് സാധ്യതയുള്ളതായി എൻവയൺമെന്റ് കാനഡ. ഗൈസ്ബറോ കൗണ്ടി, റിച്ച്മണ്ട് കൗണ്ടി,കെയ്പ് ബ്രെറ്റൺ കൗണ്ടി, ഇൻവെർനെസ് കൗണ്ടി എന്നിവയുൾപ്പെടെ നോവസ്കോഷയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കൊടുങ്കാറ്റ് വീശുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. കെയ്പ് ബ്രെറ്റണിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിലും ഇൻവെർനെസ് കൗണ്ടിയിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലും കാറ്റ് വീശമെന്ന് ഏജൻസി പറയുന്നു.ശക്തമായ കാറ്റിനൊപ്പം മഴയും ഉണ്ടാകാം. ഞായറാഴ്ച ഉച്ച മുതൽ ബുധനാഴ്ച രാവിലെ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്.

ന്യൂബ്രൺസ്വിക്കിന്റെ ചില ഭാഗങ്ങളിൽ 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡ പ്രവചിക്കുന്നു. അതേസമയം ന്യൂഫിൻലൻഡിന്റെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു.
