ഓട്ടവ: വ്യാപാര നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നുണ്ടെങ്കിലും കാനഡയിലുടനീളം മദ്യ ഉൽപ്പന്നങ്ങൾ വിൽക്കാൻ വൻ തടസ്സങ്ങൾ നേരിടുന്നതായി റെബലിയൻ ബ്രൂവിംഗ് സിഇഒ മാർക്ക് ഹെയ്സെ. വിവിധ പ്രവിശ്യകളിലെ നിയന്ത്രണ രേഖകളും ഭരണപരമായ തടസ്സങ്ങളും കാരണം വികസന ശ്രമങ്ങളിൽ നിന്ന് പിന്മാറേണ്ടി വരുന്നുവെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ആൽബർട്ട, സസ്കാച്വാൻ എന്നീ പ്രവിശ്യകൾ ഒഴികെയുള്ളവയെല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചുവെന്നും ഹെയ്സേ ആരോപിച്ചു.
ഓരോ പ്രവിശ്യയും മദ്യവിൽപ്പനയ്ക്ക് വ്യത്യസ്ത നിയമങ്ങൾ, ലേബലിംഗ് മാനദണ്ഡങ്ങൾ, രജിസ്ട്രേഷൻ പ്രോട്ടോക്കോളുകൾ എന്നിവ നടപ്പിലാക്കുന്നത് പ്രക്രിയ സങ്കീർണ്ണമാക്കുന്നുവെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ് (CFIB) റിപ്പോർട്ട് ചെയ്തിരുന്നു. ഈ കാലതാമസവും ഭീമമായ ചെലവും കാരണം നിരവധി ബ്രൂവറികളും വികസന ശ്രമങ്ങൾ ഉപേക്ഷിക്കുന്നു. നിരവധി പേപ്പർ വർക്കുകൾ മൂലം ഉൽപ്പന്നത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള സമയം നിർമ്മാതാക്കൾക്ക് ലഭിക്കുന്നില്ലെന്ന് CFIB ചൂണ്ടിക്കാട്ടി.

2026 മെയ് മാസത്തോടെ നേരിട്ടുള്ള ഉപഭോക്തൃ വിൽപ്പന അനുവദിക്കാൻ പ്രവിശ്യകൾ സമ്മതിച്ചെങ്കിലും, ഈ നീക്കം മതിയായ വേഗതയിലോ ലക്ഷ്യത്തിലോ എത്താൻ സാധ്യത കുറവാണ്. ബിയറിൻ്റെ ഉയർന്ന ഷിപ്പിംഗ് ചെലവും പെട്ടെന്ന് കേടുവരുന്നത് കൊണ്ട് തന്നെ ഈ തടസ്സങ്ങൾ നീക്കിയാൽ വൈനറികൾക്കും ഡിസ്റ്റിലറികൾക്കുമാണ് കൂടുതൽ പ്രയോജനം ലഭിക്കുകയെന്നും ഹെയ്സെ കൂട്ടിച്ചേർത്തു.
