കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എജ്യുടെക് കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാൻ റോണി സ്ക്രൂവാല നയിക്കുന്ന അപ്ഗ്രേഡും. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിനെ സ്വന്തമാക്കാനാണ് എജ്യുടെക് സ്റ്റാർട്ടപ്പായ അപ്ഗ്രേഡിന്റെ ശ്രമം. സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ട് വൻകടമുണ്ടാക്കുകയും അത് തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് ബൈജൂസ് തകർന്നത്. നിലവിൽ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ഉത്തരവുപ്രകാരമാണ് പാപ്പരത്ത നടപടി (ബാങ്ക്റപ്റ്റ്സി) യിലൂടെ കടന്നു പോകുന്നത്. റസൊല്യൂഷൻ പ്രൊഫഷനൽ ശൈലേന്ദ്ര അജ്മേറയാണ് ഓഹരി വിൽപനയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.ശതകോടീശ്വരൻ ഡോ. രഞ്ജൻ പൈസ നയിക്കുന്ന മണിപ്പാൽ ഗ്രൂപ്പായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ബൈജൂസിന്റെ ഉപകമ്പനിയായ ആകാശ് എജ്യുക്കേഷനൽ സർവീസസിൽ 58% ഓഹരി പങ്കാളിത്തം നേരത്തെ മണിപ്പാൽ ഗ്രൂപ്പിനുണ്ട്.

ബൈജൂസിനെ സ്വന്തമാക്കാൻ റസൊല്യൂഷൻ പ്രൊഫഷണൽ ആദ്യം അനുവദിച്ച സമയം സെപ്റ്റംബർ 24 ആയിരുന്നു. ഒരൊറ്റ കമ്പനി മാത്രമേ മുന്നോട്ട് വന്നുള്ളൂ എന്നതിനാൽ പിന്നീടത് നവംബർ 13ലേക്ക് നീട്ടി. ഇതിപ്പോൾ ഡിസംബർ 15 ലേക്ക് വീണ്ടും മാറ്റി. തിങ്ക് ആൻഡ് ലേണിനെക്കൂടി സ്വന്തമാക്കി പങ്കാളിത്തം കൂട്ടാനുള്ള ശ്രമത്തിലാണ് മണിപ്പാൽ ഗ്രൂപ്പ്. ആകാശിൽ തിങ്ക് ആൻഡ് ലേണിന് 25% ഓഹരികളുണ്ട്. ഇതിനിടെയാണ് അപ്ഗ്രേഡും രംഗത്തെത്തിയത്. അപ്ഗ്രേഡ് ബിരുദ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന കമ്പനിയാണ്. നഴ്സറി മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പിന്തുണ നൽകുന്ന ബൈജൂസിന്റെ കെ12 ബിസിനസ്, ഉപസ്ഥാപനമായ ഗ്രേറ്റ് ലേണിങ് എന്നിവയിലേക്കാണ് അപ്ഗ്രേഡിന്റെ ലക്ഷ്യം. നേരത്തെ എജ്യുടെക് കമ്പനിയായ അൺഅക്കാഡമിയെ, അപ്ഗ്രേഡ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
