ലണ്ടൻ : യുകെയിൽ അഭയാർഥി പദവി ലഭിച്ചവർക്ക് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കാൻ ഇനി 20 വർഷം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഹോം സെക്രട്ടറി ഷബന മുഹമദ് തിങ്കളാഴ്ച പുതിയ അഭയാർഥി നയം പ്രഖ്യാപിക്കും. ചെറു ബോട്ടുകളിലൂടെ രാജ്യത്തേക്ക് കടന്നുകൂടി അഭയാർഥിത്വം ആവശ്യപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനാണ് ഭരണകൂടത്തിന്റെ ഈ കർശന നടപടി. പുതുക്കിയ നയപ്രകാരം, ഇത്തരം കുടിയേറ്റക്കാർക്ക് താൽക്കാലികമായി മാത്രമേ അഭയാർഥിത്വം നൽകൂ, ഇത് ഓരോ വർഷം കൂടുന്തോറും പുതുക്കണം.

നിലവിൽ അഭയാർഥിത്വത്തിന് അപേക്ഷിക്കാനുള്ള കാത്തിരിപ്പ് കാലാവധി 5 വർഷത്തിൽ നിന്ന് രണ്ടര വർഷമായി കുറച്ചിട്ടുണ്ട്. എന്നാൽ പെർമനന്റ് റെസിഡൻസി ലഭിക്കാൻ 20 വർഷം കാത്തിരിക്കണം. അഭയാർഥി നയങ്ങൾ കർക്കശമാക്കിയ ഡെൻമാർക്കിന്റെ നടപടിയെ പിൻപറ്റിയാണ് യു.കെയുടെ ഈ പ്രഖ്യാപനം. ശിക്ഷാ നടപടിക്ക് സമാനമാണ് നയമെന്ന് ആരോപിച്ച് പുതിയ തീരുമാനത്തിനെതിരെ അഭയാർഥി വക്താക്കൾ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.
