ഡബ്ലിൻ : സാധാരണ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ എത്താറുള്ള മഞ്ഞുകാലം ഈ വർഷം അയർലൻഡിൽ നേരത്തേയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ സ്ഥിരീകരിച്ചു. നവംബർ 19, 20 തീയതികളോടെ രാജ്യത്ത് ആദ്യമായി മഞ്ഞ് (Snow) പെയ്യാനുള്ള സാധ്യതയുണ്ടെന്ന് WX ചാർട്ടുകൾ പ്രവചിക്കുന്നു. ചില പ്രദേശങ്ങളിൽ 1 മുതൽ 9 സെന്റീമീറ്റർ വരെയും, മിക്കയിടങ്ങളിലും 1 മുതൽ 3 സെന്റീമീറ്റർ വരെയും മഞ്ഞ് പ്രതീക്ഷിക്കുന്നു. വടക്ക്, പടിഞ്ഞാറ്, മധ്യപ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ മഞ്ഞും, രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശീതകാല മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കാലാവസ്ഥയിൽ മാറ്റം വരാമെന്ന് മെറ്റ് ഏറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അടുത്ത രണ്ട് മാസ കാലയളവില്‍ താപനില ശരാശരിയേക്കാള്‍ താഴ്ന്ന് 0.5 നും 1.0 ഡിഗ്രി സെല്ഷ്യസിനുമിടയിലാകാന് സാധ്യതയുണ്ട്. ശരത്കാലം ഈർപ്പമുള്ളതും അസ്ഥിരവുമായേക്കാം. മഞ്ഞ് മുന്നിൽ കണ്ട്, ഡബ്ലിൻ ഉൾപ്പെടെയുള്ള സിറ്റി കൗൺസിൽ ഏരിയകളിലെ റോഡുകളിലെ ഐസ് നീക്കം ചെയ്യാനുള്ള യന്ത്രസംവിധാനങ്ങൾ പുലർക്കാലങ്ങളിൽ പ്രവർത്തനം ആരംഭിച്ചു.

നിലവിൽ ഞായറാഴ്ച 12 മുതല്‍ 14 ഡിഗ്രി വരെയാണ് ഉയർന്ന താപനില, രാത്രിയിൽ ഇത് 3 മുതല്‍ 6 ഡിഗ്രി വരെയായി കുറയും.
