ഓട്ടവ : കുടിയേറ്റ നയങ്ങളിൽ (Immigration Levels Plan 2026-2028) ഫെഡറൽ സർക്കാർ സുപ്രധാനമായ മാറ്റങ്ങൾ പ്രഖ്യാപിച്ചതോടെ ആശങ്ക പങ്കുവെച്ച് കാനഡയിലെ കോളേജുകളും സർവകലാശാലകളും. 2026 മുതൽ കാനഡയിൽ പ്രവേശിക്കുന്ന പുതിയ രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കുന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് കോളേജസ് ഒൻ്റാരിയോ പ്രസിഡൻ്റ് മൗറീൻ ആഡംസൺ പറയുന്നു.

വിദേശ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസിൽ നിന്നുള്ള വരുമാനത്തിൽ ഇടിവ് ഉണ്ടായതിനാൽ രാജ്യത്തുടനീളമുള്ള പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾക്ക് ഈ വർഷം ബജറ്റ് വെട്ടിക്കുറയ്ക്കേണ്ടിവന്നിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ അവസ്ഥയിൽ ഒൻ്റാരിയോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം 250 കോടി ഡോളർ നഷ്ടം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്റ്റുഡൻ്റ് വീസകൾക്കുള്ള പ്രവിശ്യാ, പ്രാദേശിക വിഹിതം പുറത്തുവരുന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും മൗറീൻ ആഡംസൺ അറിയിച്ചു. അതേസമയം പോസ്റ്റ്-സെക്കൻഡറി മേഖലയെ സംരക്ഷിക്കുന്നതിനായി കൂടുതൽ ഫണ്ടുകൾ നൽകുമെന്ന് ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ലിബറൽ സർക്കാരിന്‍റെ പുതിയ ലെവൽ പ്ലാൻ അനുസരിച്ച്, 2026-ൽ പുതിയ രാജ്യാന്തര വിദ്യാർത്ഥികളുടെ പ്രവേശന ലക്ഷ്യം 1,55,000 ആയി കുറച്ചിട്ടുണ്ട്. മുൻപ് ഇത് 3,05,900 ആയിരുന്നു. 2024 അവസാനത്തോടെ കാനഡയിലെ ജനസംഖ്യയുടെ 7.5 ശതമാനമായി ഉയർന്നതിനെത്തുടർന്ന്, 2027 അവസാനത്തോടെ താൽക്കാലിക താമസക്കാരുടെ എണ്ണം അഞ്ച് ശതമാനമായി കുറയ്ക്കാനാണ് ഫെഡറൽ ഗവൺമെൻ്റ് പദ്ധതിയിടുന്നത്. അതേസമയം 2026 ജനുവരി 1 മുതൽ, മാസ്റ്റേഴ്സ്, ഡോക്ടറൽ (Doctoral) വിദ്യാർത്ഥികളെ സ്റ്റഡി പെർമിറ്റ് പരിധിയിൽ നിന്ന് ഒഴിവാക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബിരുദങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇനി സ്റ്റഡി പെർമിറ്റ് എളുപ്പത്തിൽ ലഭിക്കും. കൂടാതെ, ഡോക്ടറൽ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള അപേക്ഷകൾ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ പ്രോസസ്സ് ചെയ്യുന്ന അതിവേഗ സംവിധാനവും IRCC പ്രഖ്യാപിച്ചിട്ടുണ്ട്.
