Saturday, December 27, 2025

മോഷ്ടാക്കളുടെ പ്രിയ വാഹനം ടൊയോട്ട RAV4; കാനഡക്കാർക്ക് നഷ്ടം കോടികൾ

ഓട്ടവ : പുതിയതും വില കൂടിയതുമായ എസ്‌യുവികളും പിക്കപ്പ് ട്രക്കുകളുമാണ് കാനഡയിലെ മോഷ്ടാക്കളുടെ പ്രിയ വാഹനങ്ങളെന്ന് പുതിയ റിപ്പോർട്ട്. രണ്ടായിരത്തിലധികം വാഹനങ്ങൾ മോഷണം പോയ ടൊയോട്ട RAV4-യാണ് കഴിഞ്ഞ വർഷം മോഷ്ടാക്കൾ ലക്ഷ്യമിട്ടതെന്ന് എക്വിറ്റ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. ഏകദേശം 1,800 വാഹനങ്ങൾ മോഷ്ടിക്കപ്പെട്ട് അഞ്ചാം സ്ഥാനത്തുള്ള ഹോണ്ട സിവിക് ഒഴികെ, പട്ടികയിൽ ബാക്കിയുള്ളവ ഹോണ്ട CR-V, ജീപ്പ് റാങ്‌ലർ പോലുള്ള മറ്റ് എസ്‌യുവികളും ഡോഡ്ജ് റാം, ഫോർഡ് F-150 പോലുള്ള പിക്കപ്പ് ട്രക്കുകളുമാണെന്ന് ഇൻഷുറൻസ് ക്രൈം ഏജൻസി പറയുന്നു. ഹൈലാൻഡർ എസ്‌യുവി, ടുണ്ട്ര പിക്കപ്പ് എന്നീ രണ്ട് ടൊയോട്ട വാഹനങ്ങളും ആദ്യ പത്തിൽ ഇടം നേടി. 2023-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കാനഡയിലുടനീളം മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണത്തിൽ 19 ശതമാനം കുറവുണ്ടായിട്ടുണ്ടെങ്കിലും, വാഹനമോഷണങ്ങൾ മൂലം കനേഡിയൻ പൗരന്മാർക്ക് പ്രതിവർഷം 100 കോടി ഡോളറിലധികം ഇൻഷുറൻസ് ക്ലെയിമുകൾ നഷ്ടമാകുന്നുണ്ടെന്ന് എക്വിറ്റ് അസോസിയേഷൻ അറിയിച്ചു.

2020 അല്ലെങ്കിൽ പുതിയ മോഡലുകളും ഉയർന്ന റീസെയിൽ മൂല്യവുമുള്ള വാഹനങ്ങളാണ് മോഷ്ടാക്കൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. ആഡംബര വാഹനങ്ങൾ മോഷണവും വർധിച്ചിട്ടുണ്ടെന്ന് എക്വിറ്റ് അസോസിയേഷൻ പറയുന്നു. ഇതിൽ തന്നെ ചില ലെക്സസ്, മെഴ്‌സിഡസ്-ബെൻസ് മോഡലുകളാണ് ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ടത്. കാനഡയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഒൻ്റാരിയോയിലും കെബെക്കിലുമാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ മോഷണം പോകുന്നത്. എന്നാൽ, ആൽബർട്ടയിലും പുതിയ മോഡൽ വാഹനങ്ങളുടെ മോഷണം വർധിച്ചു വരികയാണെന്നും അസോസിയേഷൻ റിപ്പോർട്ട് ചെയ്തു.

എക്വിറ്റ് റിപ്പോർട്ട് ചെയ്ത വാഹനങ്ങളുടെ പൂർണ്ണ പട്ടിക (ബ്രാക്കറ്റിൽ മോഷണം പോയ വാഹനങ്ങളുടെ എണ്ണം)

  • ടൊയോട്ട RAV4 (2,080 വാഹനങ്ങൾ)
  • ഡോഡ്ജ് റാം 1500 സീരീസ് (2,018 വാഹനങ്ങൾ)
  • ഹോണ്ട CR-V (1,911 വാഹനങ്ങൾ)
  • ഫോർഡ് F150 സീരീസ് (1,833 വാഹനങ്ങൾ)
  • ഹോണ്ട സിവിക് (1,797 വാഹനങ്ങൾ)
  • ജീപ്പ് റാങ്‌ലർ (1,491 വാഹനങ്ങൾ)
  • ഷെവ്‌റോലെ/ജിഎംസി സിൽവറഡോ/സിയറ 1500 സീരീസ് (1,192 വാഹനങ്ങൾ)
  • ടൊയോട്ട ഹൈലാൻഡർ (1,141 വാഹനങ്ങൾ)
  • ടൊയോട്ട ടുണ്ട്ര (1,129 വാഹനങ്ങൾ)
  • ലെക്സസ് ആർഎക്സ് സീരീസ് (1,124 വാഹനങ്ങൾ)

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!