എഡ്മിന്‍റൻ : ആൽബർട്ട നിവാസികളെ, ബുധനാഴ്ച ഉച്ചകഴിഞ്ഞ് നിങ്ങളുടെ ഫോണുകളിൽ എമർജൻസി അലേർട്ട് കണ്ടാൽ പരിഭ്രാന്തരാകരുത്. എമർജൻസി അലേർട്ട് സിസ്റ്റം പരീക്ഷണം നാളെയാണ്. നാളെ ഉച്ചകഴിഞ്ഞ് 1:55 ന് പ്രവിശ്യയിൽ എമർജൻസി അലേർട്ട് സിസ്റ്റം പരീക്ഷിക്കുമെന്ന് ആൽബർട്ട സർക്കാർ അറിയിച്ചു. “ഇതൊരു പരീക്ഷണം മാത്രമാണ്. പക്ഷേ ഏത് അടിയന്തര സാഹചര്യങ്ങൾക്കും തയ്യാറെടുക്കേണ്ടതിന്‍റെ ഒരു ഓർമ്മപ്പെടുത്തലാണിത്,” പ്രവിശ്യ സർക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഫ്രഞ്ചിലും ഇംഗ്ലീഷിലുമായി റേഡിയോ, ടെലിവിഷൻ, വയർലെസ് ഉപകരണങ്ങളിലായി സന്ദേശം ലഭിക്കുമെന്ന് അലേർട്ട് റെഡി റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ കുർട്ട് എബി അറിയിച്ചു.

നിർണായക ഘട്ടങ്ങളിൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനായാണ് ‘അലർട്ട് റെഡി’ എന്ന സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാനഡയിലുടനീളം മെയ്, നവംബർ മാസങ്ങളിൽ വർഷത്തിൽ രണ്ടുതവണയാണ് എമർജൻസി അലർട്ട് സിസ്റ്റം പരീക്ഷിക്കുന്നത്. തീപിടിത്തം, പാരിസ്ഥിതിക ഭീഷണികൾ, സിവിൽ എമർജൻസി, കാണാതാകുന്ന കുട്ടികൾക്കുള്ള ആംബർ അലർട്ട്, ചുഴലിക്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ ഈ അലർട്ടുകൾ നൽകും. ഫെഡറൽ, പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ എമർജൻസി മാനേജ്മെൻ്റ് ഉദ്യോഗസ്ഥർ, എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ, ബ്രോഡ് കാസ്റ്റ് ഇൻഡസ്ട്രി എന്നിവയുമായി സഹകരിച്ചാണ് ‘അലർട്ട് റെഡി’ വികസിപ്പിച്ചത്.
