ഓട്ടവ : മൂന്ന് വർഷത്തിനിടെ ആദ്യമായി ഭവന വായ്പ തിരിച്ചടയ്ക്കാത്തവരുടെ എണ്ണം കുറഞ്ഞതായി കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ (CMHC) റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ആദ്യപാദത്തിൽ 0.23 ശതമാനമായിരുന്ന ദേശീയ ഭവന വായ്പ കുടിശ്ശിക രണ്ടാം പാദത്തിൽ 0.22 ശതമാനമായി കുറഞ്ഞു. അറ്റ്ലാൻ്റിക് കാനഡ, കെബെക്ക്, പ്രൈറി പ്രവിശ്യകളിൽ ഭവന വായ്പ തിരിച്ചടവ് മെച്ചപ്പെട്ടതാണ് നിലവിലെ പുരോഗതിക്ക് കാരണമെന്നും സിഎംഎച്ച്സി പറയുന്നു. ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് കുറച്ചത് ഭവനവായ്പക്കാർക്ക് ആശ്വാസം നൽകുന്നുണ്ട്. എന്നാൽ, ഈ വർഷത്തെ രണ്ടാം പകുതിയിൽ ഏഴര ലക്ഷത്തിലധികം ഭവന വായ്പ പുതുക്കലുകളും 2026-ൽ 1.15 ദശലക്ഷവും ഉൾപ്പെടെ ഉയർന്ന നിരക്കിൽ പുതുക്കലുകളുടെ ഒരു തരംഗം ഇപ്പോഴും നടക്കുന്നുണ്ടെന്ന് CMHC റിപ്പോർട്ട് ചെയ്തു.

എന്നാൽ, 90 ദിവസത്തിൽ കൂടുതൽ വായ്പാ തിരിച്ചടവുകൾ വൈകിയ കുടുംബങ്ങളുടെ എണ്ണം പതുക്കെ വർധിച്ചുവരുന്നുണ്ട്. പല കുടുംബങ്ങളും ഉയർന്ന നിരക്കിൽ ഭവന വായ്പകൾ പുതുക്കുന്നതാണ് ഇതിന് കാരണമെന്നും ഏജൻസി അറിയിച്ചു. ഒൻ്റാരിയോയിലും ബ്രിട്ടിഷ് കൊളംബിയയിലും ഇപ്പോഴും വായ്പാ കുടിശ്ശികകൾ വർധിച്ചുവരികയാണെന്നും ദേശീയ ഭവന ഏജൻസി പറയുന്നു. അതേസമയം ടൊറൻ്റോയിൽ രണ്ടാം പാദത്തിൽ കുടിശ്ശികകൾ ഒരു വർഷം മുമ്പുള്ളതിനേക്കാൾ 60% വർധിച്ച് 0.24% ആയതാണ് ഒൻ്റാരിയോയിലെ വർധനയ്ക്ക് കാരണം.
